സേവന മേഖലയിൽ ജോലി ചെയ്യുക എന്നതായിരുന്നു ചെറുപ്പം മുതൽ പെരിന്തൽമണ്ണ സ്വദേശിയായ ഷിംന ജോസഫിന്റെ ആഗ്രഹം. അക്കാലത്ത് ട്രെൻഡ് നഴ്സിംഗ് ആയിരുന്നതിനാലും വീട്ടുകാരുടെ ആഗ്രഹപ്രകാരവും ബിഎസ്സി നഴ്സിംഗ് തന്നെ തിരഞ്ഞെടുത്തു. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ആദ്യ പോസ്റ്റിംഗ് ആണ് ഒരു നഴ്സ് എന്തായിരിക്കണമെന്ന് മനസിലാക്കി തന്നതെന്ന് 12 വർഷമായി നഴ്സിംഗ് മേഖലയിലുള്ള ഷിംന പറയുന്നു.
ഡൽഹിയിലെ നഴ്സിംഗ് ജോലിക്ക് ശേഷം റിയാദ് മിനിസ്ട്രി ഒഫ് ഹെൽത്തിന് കീഴിലുള്ള ആശുപത്രിയിലെത്തിച്ചേർന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ടേണിംഗ് പോയിന്റിൽ എത്തിച്ചേരുന്നത്.
2022ൽ ഡ്യൂട്ടിക്കിടെയുണ്ടായ സംഭവം. നെഞ്ച് വേദനയുമായി ഒരു 32കാരനെ ആശുപത്രിയിൽ കൊണ്ടുവന്നു. ‘ഡോക്ടറെ ഞാൻ മരിക്കുമോ’ എന്നായിരുന്നു യുവാവിന്റെ ചോദ്യം. മകന്റെ ജീവൻ രക്ഷിക്കാൻ എത്ര പണം വേണമെങ്കിലും ചെലവാക്കാമെന്ന് കേഴുന്ന കുടുംബം. ആശുപത്രിയിലെ അന്തരീക്ഷം തന്നെ മൊത്തത്തിൽ മാറിമറിഞ്ഞുവെന്ന് ഷിംന ഓർക്കുന്നു. നമുക്ക് ജീവിതത്തിൽ എന്തുണ്ടായിട്ടും ആരോഗ്യം ഇല്ലെങ്കിൽ ഒരു കാര്യവുമില്ല എന്ന് അന്ന് ഷിംന മനസ്സിലാക്കി.
ഇക്കാര്യം സുഹൃത്തുമായി സംസാരിച്ചപ്പോഴും ആരോഗ്യ കാര്യത്തിൽ തീർച്ചയായും ഒരു ബോധവത്കരണം കൊണ്ടുവരണമെന്ന് തീരുമാനിച്ചു. ആരോഗ്യ കാര്യങ്ങളിലെ അറിവില്ലായ്മയാണ് പലരെയും രോഗങ്ങളിലേയ്ക്ക് എത്തിക്കുന്നത്. ആരോഗ്യം എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പലർക്കും അറിവില്ലായിരുന്നു. മാത്രമല്ല, മൂന്ന് നേരവും ചോറും കറികളും ചേർത്ത് കഴിക്കുന്നതാണ് ഹെൽത്തി ഡയറ്റ് എന്നും പലരും തെറ്റിദ്ധരിച്ചിരുന്നു. ഇതിന് അവബോധം കൊണ്ടുവരണമെങ്കിൽ സ്വയം കൃത്യമായ ധാരണ വേണമെന്ന് മനസിലാക്കി.
അന്നത്തെ സംഭവത്തിനിടെ മുതിർന്ന ഡോക്ടർ ജൂനിയർ ഡോക്ടറോട് പറഞ്ഞത് നമ്മുടെ ലൈഫ് സ്റ്റൈൽ ശ്രദ്ധിച്ചാൽ ഇതുപോലെയുള്ള പല അവസ്ഥകളും ഒഴിവാക്കാൻ സാധിക്കും എന്നായിരുന്നു. തോന്നുമ്പോൾ തോന്നിയ പോലെ എന്തെങ്കിലും ആഹാരം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ആവശ്യത്തിന് ഉറങ്ങാതിരിക്കുക, വ്യായാമം ഇല്ലാതിരിക്കുക തുടങ്ങിയ ജീവിത രീതികൾ മൂലം പല രോഗങ്ങളും ബാധിക്കുന്നു. താൻ ഉൾപ്പെടെ കൂടെ ജോലി ചെയ്യുന്ന എല്ലാ നഴ്സുമാരുടെയും ജീവിത രീതി ഇങ്ങനെ തന്നെയാണല്ലോയെന്ന് ഷിംന ചിന്തിച്ചു. ആരോഗ്യത്തിനും ഫിറ്റ്നസിനും ആകണം ആദ്യ പ്രാധാന്യം നൽകേണ്ടതെന്ന് അന്ന് തീരുമാനിച്ചു. അങ്ങനെയാണ് നഴ്സിംഗ് രംഗത്തുനിന്ന് ഷിംന ഫിറ്റ്നസ് മേഖലയിൽ എത്തുന്നത്.
തുടർന്ന് തൃശൂർ ഐബിഎസ് അക്കാഡമിയിൽ നിന്ന് ഫിറ്റ്നസ് ട്രെയിനിംഗിൽ അമേരിക്കൻ ഡിപ്ലോമ നേടി. നഴ്സിംഗ് മേഖലയിൽ നിന്നുകൊണ്ട് തൃശൂരിൽ വന്ന് മൂന്ന് മാസത്തെ ഫിറ്റ്നസ് കോഴ്സ് പൂർത്തിയാക്കാൻ ഏറെ ബുദ്ധിമുട്ടിയെന്ന് ഷിംന പറഞ്ഞു. വീട്ടുകാരുടെ വലിയ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ പലരും വിചാരിച്ചത് നഴ്സിംഗ് മേഖല വിട്ട് ഫിറ്റ്നസ് മേഖലയിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു. പക്ഷേ നഴ്സിംഗ് വിടാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. രണ്ടും ഒപ്പത്തിനൊപ്പം കൊണ്ടുപോകണമെന്ന് തീരുമാനിച്ചു.
അങ്ങനെയാണ് എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഡയറ്റീഷ്യന്മാരെയും, ട്രെയിനർമാരെയും വച്ച് റിയാദിൽ ഷിം സിഗ്നേച്ചർ ഫിറ്റ്നസ് എന്ന സ്ഥാപനം തുടങ്ങിയത്. ഓൺലൈൻ ആയാണ് സേവനങ്ങൾ നൽകുന്നത്. ഷിംനയും തന്റെ ഒഴിവ് സമയങ്ങളിലും ഫിറ്റ്നസ് സെന്ററിൽ ക്ളാസുകൾ എടുക്കുന്നുണ്ട്. എല്ലായ്പ്പോഴും സ്ഥാപനത്തിൽ ഉണ്ടായിരിക്കാൻ സാധിക്കില്ലെങ്കിലും ഓരോ ക്ളൈന്റിന്റെ വിവരവും തന്റെ പക്കലുണ്ടെന്ന് ഷിംന പറയുന്നു. എല്ലാവരുടെയും കാര്യത്തിൽ ശ്രദ്ധ നൽകാൻ ശ്രമിക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒപ്പം ജോലി ചെയ്യുന്ന നഴ്സുമാർക്കായി തുടങ്ങിയ ഷിം സിഗ്നേച്ചർ ഇന്ന് അന്താരാഷ്ട്ര തലത്തിൽ സേവനം നൽകുന്ന ഒരു ഫിറ്റ്നസ് സ്റ്റുഡിയോ ആയി മാറിയിരിക്കുകയാണ്. 2023ൽ ന്യൂസിലാൻഡിലും സ്ഥാപനം ആരംഭിച്ചു. ഇതിന് പുറമെ പല രാജ്യങ്ങളിലും സന്ദർശനം നടത്തി അവിടെ ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഫിറ്റ്നസിനേക്കുറിച്ച് ബോധവത്കരണം നടത്തുന്നു. ഏപ്രിലിൽ നാട്ടിലെത്തി ഒരു സൗജന്യ ക്യാമ്പെയിൻ നടത്തുന്നതും ആലോചനയിലുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനുശേഷം മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
വ്യായാമം, ഡയറ്റ് തുടങ്ങിയവ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഇത് കണ്ടെത്തി കൃത്യമായ ഒരു വർക്കൗട്ട്, ഡയറ്റ് പ്ളാൻ തയ്യാറാക്കാൻ സഹായിക്കുകയാണ് ഷിം സിഗ്നേച്ചർ ഫിറ്റ്നസ് സ്റ്റുഡിയോ ചെയ്യുന്നത്. രണ്ടര വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇപ്പോൾ 75ഓളം നഴ്സുമാർ സേവനം തേടുന്നുണ്ട്.
ഫിറ്റ്നസ് സെന്റർ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അമ്മയുടെ പിന്തുണ വലിയ രീതിയിൽ ഉണ്ടെന്ന് ഷിംന പറഞ്ഞു. ചെറുപ്പത്തിൽ കരാട്ടെ പഠിച്ചതിനാൽ പൊലീസുകാരിയാക്കാനായിരുന്നു അമ്മയുടെ ആഗ്രഹം. താൻ ആദ്യം ഫിറ്റ്നസ് ട്രെയിനിംഗ് നൽകിയതും അമ്മയ്ക്കായിരുന്നു.
ഫിറ്റ്നസ് പ്രോഗ്രാം കൂടുതൽ നഴ്സുമാരിലേയ്ക്ക് എത്തിക്കണമെന്നതാണ് ആഗ്രഹം. അവരാണ് പലപ്പോഴും ജീവിക്കാൻ മറക്കുന്നത്. അവർ തന്റെ ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നു. അതിനാൽ തന്നെ കൂടുതൽ നഴ്സുമാരിൽ ആരോഗ്യ അവബോധം ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും ഷിംന പങ്കുവച്ചു.