ഏതൊരു മനുഷ്യനും ഉള്ളുകൊണ്ട് ആഗ്രഹിക്കുന്ന കാര്യമാണ് തന്നെക്കൊണ്ട് കുടുംബത്തിനും സമൂഹത്തിനും എന്തെങ്കിലും ഉപകാരം ലഭിക്കണം എന്നത്. ചെറുപ്പകാലം മുതൽ തന്നെയുള്ള ശീലങ്ങളും അറിവുമാണ് അവരിൽ സഹജീവികളെക്കുറിച്ച് കരുതലും സ്നേഹവുമുണ്ടാക്കുന്നത്. ഇത്തരത്തിൽ ഒരു വീട്ടിലെ കുട്ടികളിൽ ഏറ്റവും മിടുക്കരായി മാറുന്നത് ആരായിരിക്കാം? അതിനുള്ള ഉത്തരം കാനഡയിലെ കാൽഗരി സർവകലാശാലയിലെ ഗവേഷകനായ കിബിയോം ലീയും ബ്രോക്ക് സർവകലാശാലയിലെ മൈക്കെൽ ആഷ്ടണും ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തി.
മൂത്തവരും ഇളയവരുമല്ല
ഒരു വീട്ടിലെ മൂത്തതോ ഇളയതോ ആയ കുട്ടിയല്ല ഇടയിലെ കുട്ടികൾക്കാകും സത്യസന്ധതയും സഹകരണവും ഏറ്റവും ലാളിത്യവും ഉണ്ടാകുക എന്നാണ് ഇവർ നടത്തിയ പഠനത്തിൽ വ്യക്തമായത്. വ്യക്തിത്വ വികസനത്തിന് ജനന ക്രമത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഈ പഠനം. ഓസ്ട്രിയൻ മനഃശാസ്ത്രജ്ഞൻ ആൽഫ്രഡ് അഡ്ലറാണ് ജനന ക്രമമനുസരിച്ച് വ്യക്തിത്വ രൂപീകരണം വ്യത്യസ്തമായിരിക്കും എന്നത് കണ്ടെത്തിയത്. ഇക്കാര്യത്തിൽ പൊതുധാരണകളനുസരിച്ച് മൂത്ത കുട്ടി ബുദ്ധിമാനും ഇളയവൻ പടുവികൃതിയുമായിരിക്കും എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ ഗവേഷകർ തീർത്തും ഒരഭിപ്രായം പറഞ്ഞിട്ടില്ല.
സത്യസന്ധരും വിനയം ഉള്ളവരും
ഹെക്സാകോ വ്യക്തിത്വ പട്ടികയനുസരിച്ചാണ് ഇടയിലുള്ള കുട്ടികൾ മറ്റുള്ളവരെക്കാൾ മികച്ച ഗുണമുള്ളവരെന്ന് കണ്ടെത്തിയത്. സത്യസന്ധത-വിനയം, സമ്മതിദാനശീലം, വൈകാരികത, എന്തും തുറന്നുപറയാനുള്ള കഴിവ് എന്നീ സവിശേഷതകളെ ഉപയോഗിച്ച് വ്യക്തിത്വത്തെ അളക്കുന്ന പട്ടികയാണ് ഹെക്സാകോ. പഠനത്തിൽ കൂടുതൽ സ്കോർ ചെയ്തത് മൂത്തവരോ ഇളയവരോ അല്ല ഇടയിൽ ഉള്ള കുട്ടികളാണ്.
ദേഷ്യം നിയന്ത്രിക്കാൻ കഴിവുള്ളവർ
തെറ്റുകളെ പൊറുക്കാനും, മറ്റുള്ളവരെക്കുറിച്ച് സൗമ്യമായി കരുതാനും, പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനും സഹകരിക്കാനും ദേഷ്യം വരുന്ന സാഹചര്യത്തിൽ പോലും അത് നിയന്ത്രിക്കാനും ഇടയിലുള്ള കുട്ടികളാണ് പ്രാപ്തർ. കൃത്രിമത്വം നിറഞ്ഞ സ്വഭാവത്തോട് താൽപര്യമില്ലായ്ക, സമ്പത്തിലും ആഡംബരത്തിലും തൽപരരല്ലാത്ത സ്ഥിതി, വലിയ സാമൂഹിക പദവികൾ ലഭിക്കുന്നതിനുള്ള സാഹചര്യമില്ലായ്മ ഇവയെല്ലാം ഇത്തരക്കാരിൽ എന്തിനോടും സഹകരിച്ച് പോകാനുള്ള സ്വഭാവം രൂപീകരിക്കാൻ ഇടയാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇവർക്ക് പിന്നിലായി വരുന്നത് ഇളയ കുട്ടികളാണ് അതിനുശേഷം മാത്രമാണ് മൂത്ത കുട്ടികൾ വരുന്നത് എന്നാണ് പഠനം പറയുന്നത്. ലോകപ്രശസ്തനായ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ, മാർട്ടിൻ ലൂഥർ കിംഗ് തുടങ്ങി നിരവധി ഉദാഹരണങ്ങൾ ഇത്തരക്കാർക്ക് ഉദാഹരണമാണ്.
ഈ അഭിപ്രായങ്ങൾക്ക് വിരുദ്ധമായ പഠനഫലങ്ങളും മുൻപ് വന്നിട്ടുണ്ട്. മിഡിൽ ചൈൽഡ് സിൻഡ്രോം എന്നൊരു അവസ്ഥയെക്കുറിച്ചുതന്നെ ശാസ്ത്രലോകം പറയാറുണ്ട്. അച്ഛനമ്മമാരാൽ മതിയായ ശ്രദ്ധ ലഭിക്കാതെ, അവർ മറ്റ് സഹോദരങ്ങളെക്കാൾ ഉയരത്തിലെത്താതെ പോകുന്നെന്നും സഹോദരങ്ങളുമായി ശത്രുതയിൽ എത്തുന്നവരെന്നും ഈ അവസ്ഥയെക്കുറിച്ച് പറയാറുണ്ട്. എന്നാൽ ജനനക്രമത്തിന് കുട്ടികളുടെ വ്യക്തിത്വ വികാസവുമായി യാതൊരു പങ്കുമില്ലെന്ന് 2020ൽ മറ്റൊരു പഠനവും പുറത്തുവന്നിരുന്നു.
പൊതുവിൽ ജനനക്രമത്തിൽ നടുവിലുള്ള കുട്ടികൾ തെറ്റിനെ എതിർക്കുന്നവരും, കൂട്ടുകെട്ടിൽ ശക്തി കണ്ടെത്തുന്നവരും, ആളുകളെ എളുപ്പം പ്രീതിപ്പെടുത്താൻ കഴിവുള്ളവരും ആകുമെന്നാണ് ഗവേഷണ ഗ്രന്ഥങ്ങളിലെല്ലാം പറയപ്പെടുന്നത്. വലിയ സാമൂഹിക ജീവിതമുള്ള ഇവർ തികഞ്ഞ സമാധാനപ്രിയരാണെന്നുമാണ് ഗവേഷകരുടെ നിഗമനം.