പൂനെ: മഹാരാഷ്ട്രയിൽ ആദ്യത്തെ ഗില്ലിൻ ബാരെ സിൻഡ്രോം (ജിബിഎസ്) മരണം റിപ്പോർട്ട് ചെയ്തു. പൂനെയിലെ സോലാപൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയാണ് മരിച്ചത്. രോഗിക്ക് വയറിളക്കവും ചുമയും ജലദോഷവും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.
ജനുവരി 18ന് ഇയാളെ സോലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെത്തുടർന്ന് കഴിഞ്ഞദിവസം മുറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഇയാൾക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയും വീണ്ടും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
പൂനെയിലെ ജിബിഎസ് കേസുകളുടെ എണ്ണം 101 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 28 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 16 പേർ വെന്റിലേറ്ററിൽ കഴിയുകയാണ്. ഒൻപത് വയസിന് താഴെയുള്ള 19 കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. 50നും 80നും ഇടയിൽ പ്രായമുള്ള 23 പേരിൽ രോഗം കണ്ടെത്തിയതായും അധികൃതർ അറിയിക്കുന്നു. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ വർദ്ധിപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
അപൂർവമായ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലിൻ ബാരെ സിൻഡ്രോം. ശരീത്തിന്റെ രോഗ പ്രതിരോധ ശേഷി ഞരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്. കുട്ടികളിലും യുവാക്കളിലും ഇത് കാണപ്പെടുന്നുണ്ടെങ്കിലും പകർച്ചവ്യാധിയുടെ ഗണത്തിൽപ്പെടുന്നതല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. രോഗപ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്നതോടെ ബലഹീനത, മരവിപ്പ്, പക്ഷാഘാതം എന്നിവയിലേയ്ക്ക് രോഗിയെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു അവസ്ഥ ഉണ്ടാകാനുള്ള കൃത്യമായ കാരണങ്ങൾ അജ്ഞാതമായി തുടരുകയാണ്.
രോഗബാധയുണ്ടാകുന്നവരിൽ കുറഞ്ഞത് ആറ് ആഴ്ച മുമ്പെങ്കിലും അണുബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആദ്യം കാലുകളിലാണ് ബലഹീനത അനുഭവപ്പെടുന്നത്. തുടർന്ന് ഉടൽ, കൈകൾ, മുഖം തുടങ്ങിയിടങ്ങളിലേക്കും ബലഹീനത പടരുന്നു. ഇതാണ് സാധാരണ ലക്ഷണമായി കാണുന്നത്. നാഡീ വ്യവസ്ഥകൾക്ക് തകരാറുകൾ ഉണ്ടാവുന്നത് മൂലം തലച്ചോറിന് അസാധാരണ സെൻസറി സിഗ്നലുകൾ ലഭിച്ചേക്കാം എന്നും ഡോക്ടർമാർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഴ്ചാ ബുദ്ധിമുട്ട്, വിഴുങ്ങാൻ ബുദ്ധിമുട്ട്, സംസാരിക്കാനോ ചവയ്ക്കാനോ ബുദ്ധിമുട്ട്, കൈകളിലും കാലുകളിലും കഠിന വേദന, പ്രത്യേകിച്ചും രാത്രിയിലെ അതികഠിനമായ വേദന, അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം, ദഹനത്തിലോ മൂത്രസഞ്ചി നിയന്ത്രണത്തിലോ ഉള്ള പ്രശ്നങ്ങൾ എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട്.
രോഗിയുടെ മെഡിക്കൽ ചരിത്രം അവലോകനം ചെയ്യുന്നതിനൊപ്പം ശാരീരിക പരിശോധനകളിലൂടെയുമാണ് രോഗം കണ്ടെത്തുന്നത്. നിലവിൽ ഗില്ലിൻ ബാരെ സിൻഡ്രോമിന് ചികിത്സയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാൻ മാത്രമാണ് കഴിയുന്നത്.