പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സിനിമയുടെ ടീസർ ഇന്നലെ റിലീസ് ചെയ്തിരുന്നു. ഈ ചടങ്ങിൽ മോഹൻലാൽ സംവിധായകനായ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രൂരനായ സംവിധായകനാണ് പൃഥ്വിരാജെന്നാണ് മോഹൻലാൽ പറയുന്നത്.
‘ഒരുപാട് സംവിധായകരുടെ കൂടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. സിനിമ മാറുകയാണ്. ആ സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ്. എന്താണോ നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതെടുക്കാൻ അദ്ദേഹത്തിനറിയാം. സിനിമയിൽ അഭിനേതാക്കൾ നന്നാകാൻ കാരണം സംവിധായകനാണ്. ഞാൻ എന്റെ സംവിധായകനെ വിശ്വസിക്കുന്നു. ഒരു നടനെന്ന രീതിയിൽ പൃഥ്വിരാജ് എന്ന സംവിധായകനിൽ വലിയ പ്രതീക്ഷയുണ്ട്. കാരണം അങ്ങനത്തെ സിനിമകളാണ് അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞത്.
ഡെഡിക്കേഷൻ എന്നത് വലിയ കാര്യമാണ്. ഞങ്ങൾ ഒരുപാട് സഹനം സഹിച്ചാണ് എമ്പുരാൻ ഷൂട്ട് ചെയ്തത്. പൃഥ്വിരാജ് സിനിമയ്ക്കായി നൂറ് ശതമാനം നൽകി. ദൈവത്തിന്റെ കുറച്ച് താഴെ നിൽക്കുന്നയാളാണ് എമ്പുരാൻ. ഇനി മൂന്നാമത്തെ ഭാഗത്തിന് എന്ത് പേരാനിടുകയെന്ന് എനിക്കറിയില്ല. ഏതൊരു സിനിമ തുടങ്ങുമ്പോഴും ഇത് വലിയൊരു ഹിറ്റായിരിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കും. അതേ പ്രതീക്ഷയോടെ മുന്നോട്ടുപോകുകയാണ്.’- മോഹൻലാൽ പറഞ്ഞു. മാർച്ച് ഏഴിനാണ് എമ്പുരാൻ തിയേറ്ററിൽ എത്തുക.
ആശീർവാദ് സിനിമാസിന്റെ 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണ് എമ്പുരാൻ ടീസർ ഇന്നലെ പുറത്തുവിട്ടത്. ആശീർവാദ് സിനിമാസും തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]