വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്നും പുറത്താക്കിയ അമേരിക്കൻ ശൈലിക്കെതിരെ വിവിധ രാജ്യങ്ങളിൽ ശക്തമായ വിമർശനം. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും മുൻപുതന്നെ ട്രംപ് രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലെ ഒരു നടപടിയാണ് എതിർപ്പിന് വഴിവച്ചത്.
സൈനിക വിമാനത്തിലാണ് കുടിയേറ്റക്കാരെ പുറത്താക്കുന്ന നടപടി അമേരിക്ക കൈക്കൊണ്ടത്. ഏതാണ്ട് 11 മില്യൺ അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലുണ്ടെന്നാണ് കണക്ക്. പുറത്താക്കിയവരെ കൈകളിൽ വിലങ്ങണിയിച്ചും കണങ്കാലുകളെ തമ്മിൽ ബന്ധിച്ച് ചങ്ങലയിട്ടുമാണ് വിമാനത്തിൽ കയറ്റിയതെന്നാണ് വിവരം. ഇത്തരത്തിൽ പുറത്താക്കിയവരുടെ ആദ്യ ബാച്ച് ബ്രസീലിൽ എത്തിച്ചേർന്നപ്പോഴാണ് വിവരം അറിഞ്ഞത്. വടക്കൻ ബ്രസീലിലെ മനാവുസ് നഗരത്തിൽ വന്നിറങ്ങിയ അമേരിക്കൻ സൈനിക വിമാനത്തിൽ ഇത്തരത്തിൽ 88 പേരുണ്ടായിരുന്നു.
തങ്ങളുടെ പൗരന്മാരെ വിലങ്ങണിയിച്ചതുകണ്ട ബ്രസീൽ അധികൃതർ അമേരിക്കൻ ഉദ്യോഗസ്ഥരോട് ശക്തമായി പ്രതിഷേധിച്ചു. ‘അടിയന്തരമായി വിലങ്ങ് നീക്കണം’ എന്നും ആവശ്യപ്പെട്ടു. ‘വിമാനത്തിൽ അവർ ഞങ്ങൾക്ക് വെള്ളംപോലും തന്നില്ല. ടോയ്ലറ്റിൽ പോകാൻ പോലും വിട്ടില്ല.’ ഇത്തരത്തിൽ തിരികെയെത്തിയവരിൽ ഒരാൾ പറഞ്ഞു. വിമാനത്തിൽ എസി ഉണ്ടായിരുന്നില്ലെന്നും കടുത്ത ചൂടിൽ ചിലർ കുഴഞ്ഞുവീണെന്നും പരാതി ഉയർന്നു. സാങ്കേതിക കാരണങ്ങളാണ് എസി പ്രവർത്തിക്കാത്തതിന് അധികൃതർ പറഞ്ഞത്.
യാത്രക്കാരോടുള്ള ഈ തരംതാഴ്ന്ന പെരുമാറ്റത്തിൽ അമേരിക്കൻ സർക്കാർ വിശദീകരണം നൽകണം. കുടിയേറ്റക്കാരുടെ മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനത്തെ ബ്രസീൽ സർക്കാർ ചോദ്യം ചെയ്തു. ബ്രസീൽ മനുഷ്യാവകാശ മന്ത്രി മകായെ എവറിസ്റ്റോ അറിയിച്ചതനുസരിച്ച് ഓട്ടിസം ബാധിച്ച കുട്ടികൾ വിമാനത്തിൽ ഉണ്ടായിരുന്നതായും ഇവർ വളരെ മോശം അനുഭവത്തിലൂടെ കടന്നുപോയതായും വിവരമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ ഫ്ളൈറ്റ് ട്രംപിന്റെ ഉത്തരവ് പ്രകാരമല്ല പുറപ്പെട്ടതെന്നും 2017ലെ പരസ്പര ധാരണപ്രകാരമാണ് ഇത്തരത്തിൽ ആളുകളെ എത്തിച്ചതെന്നാണ് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്. വിവരം അറിഞ്ഞതോടെ ബ്രസീലുകാരെ തിരികെയെത്തിക്കാൻ ബ്രസീലിയൻ സൈനിക വിമാനം ഏർപ്പെടുത്താമെന്ന് പ്രസിഡന്റ് ലുല സമ്മതിച്ചതായി രാജ്യത്തെ നീതിമന്ത്രാലയം അറിയിച്ചു.