
മെക്സിക്കോ സിറ്റി: വിമാനത്തിന്റെ ടേക്ക് ഓഫ് വൈകിയതോടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് ചിറകിൽ കയറി. മെക്സിക്കോയിലാണ് സംഭവം. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്റോമെക്സിക്കോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് എമർജൻസി എക്സിറ്റ് തുറന്ന് വിമാനത്തിൻ്റെ ചിറകിൽ കയറി നിന്നത്. സഹയാത്രികർ ഇയാൾക്ക് പിന്തുണ നൽകി. ഇയാളെ പോലീസിന് കൈമാറിയതായി വിമാനത്താവളം പ്രസ്താവനയിൽ അറിയിച്ചു.
AM672 എന്ന ഫ്ലൈറ്റ് പുറപ്പെടാൻ മണിക്കൂറുകൾ വൈകിയതാണ് പ്രതിഷേധത്തിന് കാരണം. നാല് മണിക്കൂറോളം വിമാനം വൈകിയപ്പോൾ അസഹനീയമായ അവസ്ഥയിലായെന്ന് യാത്രക്കാർ പറഞ്ഞു. നാല് മണിക്കൂറോളം വെൻ്റിലേഷനും വെള്ളവും ഇല്ലായിരുന്നു. പലരും ബോധം നഷ്ടമാകുന്ന അവസ്ഥയിലെത്തി. വിമാനത്തിലുള്ള എല്ലാവരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനാണ് യാത്രക്കാരൻ വെല്ലുവിളി നിറഞ്ഞ സമരമാർഗത്തിലേക്ക് പോയതെന്ന് സഹയാത്രികർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 8.45-ന് പുറപ്പെടേണ്ട വിമാനം അറ്റകുറ്റപ്പണികൾ കാരണമാണ് വൈകിയത്.
എന്നാൽ, വിമാനത്തിനുള്ളിൽ കയറിയ യാത്രക്കാർക്ക് മതിയായ സൗകര്യമൊരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. വിമാനം വൈകിയപ്പോൾ യാത്രക്കാർ അസന്തുഷ്ടരായെന്നും അവരിൽ ഒരാൾ എമർജൻസി വാതിൽ തുറന്ന് ചിറകിൽ കയറിയെന്നും വിമാനത്താവളം അധികൃതർ സ്ഥിരീകരിച്ചു. എയർപോർട്ട് അധികൃതർ ഇയാളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകൾ പ്രകാരം വിമാനം ഏകദേശം അഞ്ച് മണിക്കൂർ വൈകി. വിമാനത്തിനുള്ളിൽ പകർത്തിയ വീഡിയോയിൽ യാത്രക്കാർ ചൂടെടുത്ത് ബുദ്ധിമുട്ടിലാകുന്നതും ഫ്ലൈറ്റ് അറ്റൻഡൻ്റിനോട് വെള്ളം ചോദിക്കുന്നതും കാണാം.
Last Updated Jan 27, 2024, 11:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]