
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും നല്ല തുടക്കത്തിനുശേഷം വിക്കറ്റ് വലിച്ചെറിഞ്ഞ ശഭ്മാന്‍ ഗില്ലിന് ഉപദേശവുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ്. ഹൈദരാബാദ് ടെസ്റ്റില്‍ 66 പന്ത് നേരിട്ട ഗില്‍ 23 റണ്‍സെടുത്ത് പുറത്തായിരുന്നു. ഈ സമയം കമന്ററി ബോക്സിലിരുന്നാണ് പീറ്റേഴ്സണ് ഗില്ലിനെ ഉപദേശിച്ചത്.
രാഹുല്‍ ദ്രാവിഡ് ഇത് കേള്‍ക്കുന്നുണ്ടോ എന്ന് അറിയില്ല, കേള്‍ക്കുന്നുണ്ടെങ്കില്‍ താങ്കള്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം കുറച്ചു സമയം ചെലവഴിച്ച് അവനെ ഒന്ന് സഹായിക്കണം. പണ്ട് എന്നെ താങ്കള്‍ സഹായിച്ചതുപോലെ. ഓഫ് സൈഡില്‍ എങ്ങനെ പന്തടിക്കണമെന്ന് ഒന്ന് അവന് പറഞ്ഞ് കൊടുക്കണം. അതുപോലെ ബൗളര്‍മാരുടെ ലെങ്ത് എങ്ങനെ പെട്ടെന്ന് മനസിലാക്കണമെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയും അവനെ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഇക്കാര്യങ്ങള്‍ ചെയ്താല്‍ അവന് മികച്ച ബാറ്ററായി മാറുമെന്നും പീറ്റേഴ്സണ് കമന്ററിക്കിടെ പറഞ്ഞു.
2010ല്‍ ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ക്കെതിരെ പീറ്റേഴ്സണ് റണ്‍സടിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ അന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ സഹതാരമായിരുന്ന രാഹുല്‍ ദ്രാവിഡിനോട് അദ്ദേഹം സഹായം തേടിയിരുന്നു. ഇ മെയിലിലൂടെ സ്പിന്‍ ട്രാക്കുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന ഉപദേശമാണ് പീറ്റേഴ്സണ് രാഹുല്‍ ദ്രാവിഡിനോട് തേടിയത്.
മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് സ്പിന്നര്‍മാരായിരുന്ന മോണ്ടി പനേസര്‍ക്കെതിരെയും ഗ്രെയിം സ്വാനെതിരെയും ബാറ്റിംഗ് പാഡുകള്‍ ഉപയോഗിക്കാതെ ബാറ്റ് ചെയ്ത് പരിശീലകിക്കാനായിരുന്നു ദ്രാവിഡ് പീറ്റേഴ്സണെ ഉപദേശിച്ചത്. പന്ത് കാലില്‍ കൊണ്ട് ചിലപ്പോള്‍ വേദനിക്കാം. പക്ഷെ പാഡില്ലാത്തതിനാല് പന്ത് കാലില്‍ കൊള്ളാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു കളിക്കാന്‍ ഇതിലൂടെ കഴിയുമെന്നും ദ്രാവിഡ് അന്ന് പീറ്റേഴ്സണെ ഉപദേശിച്ചിരുന്നു.
അന്ന് ദ്രാവിഡ് അയച്ച ഇ മെയിലാണ് തന്നെ പുതിയൊരു ലോകത്തിലേക്ക് കൈപിടിച്ചുയര്ത്തയിതെന്നും സ്പിന്നര്‍മാരെ നേരിടുന്ന കല എന്താണെന്ന് മനസിലായത് അത് വായിച്ചതോടെയാണെന്നും പീറ്റേഴ്സണ് പറഞ്ഞു. പന്ത് കൈയില്‍ നിന്ന് റിലീസ് ചെയ്യുമ്പോഴെ ലെങ്ത് തിരിച്ചറിയുകയും പിന്നീട് കളിക്കേണ്ട ഷോട്ട് തീരുമാനിക്കുകയും ചെയ്യുക എന്ന തന്ത്രം അതോടെയാണ് താന്‍ തിരിച്ചറിഞ്ഞതെന്നും പീറ്റേഴ്സണ് പറഞ്ഞു. അതിനുശേഷം 2012ല്‍ ഇന്ത്യൻ പര്യടനത്തിനെത്തിയ പീറ്റേഴ്സണ് 338 റണ്‍സടിച്ചു. ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]