
വാഷിങ്ടൺ: നൈട്രജൻ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെന്നത്ത് സ്മിത്തിനെയാണ് അലബാമയിൽ നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. മാസ്കിലൂടെ നൈട്രജൻ ശ്വസിപ്പിക്കുകയായിരുന്നു. മനുഷ്യർക്ക് അറിയാവുന്ന ഏറ്റവും വേദനയില്ലാത്തതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയാണ് നടപ്പാക്കിയതെന്ന് അലബാമ സ്റ്റേറ്റ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു.
നൈട്രജൻ ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാൻ യുഎസ് ഫെഡറൽ കോടതി അനുമതി നൽകിയിരുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 27 സംസ്ഥാനങ്ങളിൽ മാത്രമാണ് വധശിക്ഷ. ബാക്കി 23 സംസ്ഥാനങ്ങളിലും വധശിക്ഷക്ക് നിയമപരമായ അംഗീകാരമില്ല. വിഷം കുത്തിവെച്ചാണ് പൊതുവെ യുഎസിലെ വധശിക്ഷകൾ നടപ്പാക്കിയിരുന്നത്. നേരത്തെ, മിസ്സിപ്പിസി, ഒക്ലഹോമ സംസ്ഥാനങ്ങളിൽ നൈട്രജൻ ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാമെന്ന് അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെ പ്രയോഗിച്ചിട്ടില്ല. നൈട്രജൻ ഹൈപ്പോക്സിയ (നൈട്രജൻ ശ്വസിച്ച് മരിക്കുന്ന രീതി) ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കെന്നത്ത് സ്മിത്ത് കോടതിയെ സമീപിച്ചെങ്കിലും യുഎസ് ജില്ലാ ജഡ്ജി ആർ. ഓസ്റ്റിൻ ഹഫക്കർ തള്ളി.
1988-ൽ വടക്കൻ അലബാമയിൽ പാസ്റ്ററിന്റെ ഭാര്യ എലിസബത്ത് സെന്നറ്റിനെ കൊലപ്പെടുത്തിയതിനാണ് ഇയാളെ വധശിക്ഷക്ക് വിധിച്ചത്. കേസിൽ മറ്റൊരു കുറ്റവാളിയുടെ വധശിക്ഷ 2010ൽ നടപ്പാക്കി. സെനറ്റിനെ 1988 മാർച്ച് 18 ന് അലബാമയിലെ കോൾബെർട്ട് കൗണ്ടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 45 കാരിയായ യുവതിയുടെ നെഞ്ചിൽ എട്ട് തവണയും കഴുത്തിന്റെ ഇരുവശത്തും ഒരു തവണയും കുത്തേറ്റതായി കണ്ടെത്തിയിരുന്നു. ഇവരുടെ ഭർത്താവ് ചാൾസ് സെനറ്റ് സീനിയർ, കൊലപാതക അന്വേഷണം തന്നിലേക്കായപ്പോൾ ആത്മഹത്യ ചെയ്തു. 1000 ഡോളർ രൂപ നൽകിയാണ് വാടക കൊലയാളികളെ ഏർപ്പെടുത്തിയതെന്നാണ് പൊലീസ് വാദം.
Last Updated Jan 26, 2024, 11:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]