ഇസ്ലാമാബാദ്: അയല്‍രാജ്യം എന്നതിനേക്കാള്‍ ശത്രുരാജ്യം എന്ന് തന്നെയാണ് ഭൂരിഭാഗം ഇന്ത്യക്കാരും പാകിസ്ഥാനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യ നാള്‍ക്കുനാള്‍ വികസനത്തിലേക്ക് മുന്നേറുമ്പോള്‍ പരമകഷ്ടമാണ് പാകിസ്ഥാനിലെ സ്ഥിതി. സമ്പദ്വ്യവസ്ഥ തകര്‍ന്ന് തരിപ്പണമാണ്, ദാരിദ്ര്യവും, വരള്‍ച്ചയും കൊടുംപിരികൊണ്ട് നില്ക്കുന്നു. ഉള്ളതെല്ലാം വിറ്റും പണയംവെച്ചുമാണ് ഓരോ ദിവസത്തേയും സര്‍ക്കാര്‍ ചെലവ് മുന്നോട്ട് പോകുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഇപ്പോഴിതാ അയല്‍ക്കാരുമായുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
ദാരിദ്ര്യം കാരണം രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനിടെ അയല്‍രാജ്യങ്ങളെ ആക്രമിച്ച് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് പാകിസ്ഥാന്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് താലിബാന് വ്യക്തമാക്കിയതോടെ പാകിസ്ഥാന്റെ നില പരുങ്ങലിലാണ്. മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ തുറങ്കിലടച്ചതിന്റെ പേരില്‍ പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപ സമാനമായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് അയല്‍ക്കാരായ അഫ്ഗാനിസ്ഥാനെ ആക്രമിച്ചിരിക്കുന്നത്.
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 46 പേര് കൊല്ലപ്പെട്ടുവെന്നാണ് താലിബാന് അവകാശപ്പെടുന്നത്. തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായി മേഖലയിലേക്ക് താലിബാന് കൂടുതല്‍ സൈന്യത്തെ അയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഏതുനിമിഷവും ഒരു തിരിച്ചടിയുണ്ടാകാനുള്ള സാദ്ധ്യതയാണ് നയതന്ത്ര വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അവരുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ രാജ്യത്തെ കരകയറ്റുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്.
ഇന്ത്യ – ഇറാന് – അഫ്ഗാനിസ്ഥാന്
അയല്‍ക്കാരായ ഇന്ത്യ, അഫ്ഗാനിസ്ഥാന് എന്നിവര്‍ക്ക് പുറമേ മറ്റൊരു അയല്‍ക്കാരായ ഇറാനുമായുള്ള പാകിസ്ഥാന്റെ ബന്ധവും അത്ര നല്ലതല്ല. 2024 ജനുവരിയില്‍ പാക്ക് ഭൂപ്രദേശത്ത് ഇറാന് പാകിസ്ഥാനില്‍ ആക്രമണം നടത്തിയിരുന്നു. നിരവധിപേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ സംഘങ്ങള്‍ ഇറാന് സൈന്യത്തിനു നേരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മേഖലയില്‍ ചൈനയുമായി മാത്രമാണ് പാകിസ്ഥാന് നല്ല ബന്ധമുള്ളത്. എന്നാല്‍ കച്ചവട താത്പര്യവും ഇന്ത്യാ വിരുദ്ധതയുമാണ് പാകിസ്ഥാനെ ചൈനയ്ക്ക് പ്രിയപ്പെട്ടതാക്കുന്നത്. പാകിസ്ഥാനിലെ തന്ത്രപ്രധാനമായ പല പ്രദേശങ്ങളുടേയും നിയന്ത്രണം ചൈനയ്ക്കാണെന്ന മട്ടിലാണ് കാര്യങ്ങള്‍. ഷെയ്ഖ് ഹസീനയുടെ പലായനത്തോടെ ബംഗ്ലാദേശുമായി ബന്ധം മെച്ചപ്പെടുത്താന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനികള്‍ക്ക് വിസ നിയന്ത്രണം ഉള്‍പ്പെടെ ഒഴിവാക്കി നല്‍കിയതില്‍ ബംഗ്ലാദേശിലും എതിര്‍പ്പ് ശക്തമാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ശത്രുക്കളുടെ എണ്ണം കൂടിവന്നാല്‍ അത് പാകിസ്ഥാന് ഒട്ടും നല്ലതായിരിക്കില്ല. വിലക്കയറ്റവും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ ഇമ്രാന്റെ പാര്‍ട്ടിയുടെ ലേബലില്‍ കലാപത്തിന് പുറപ്പെട്ടാല്‍ അത് താങ്ങാനുള്ള കരുത്ത് പോലുമില്ലാത്ത ഭരണകൂടമാണ് അനാവശ്യമായി അയല്‍രാജ്യങ്ങളെ ആക്രമിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വലിയ അമര്‍ഷവുമുണ്ട്.