കസാഖിസ്ഥാനിൽ അസൈർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് മുപ്പത്തെട്ടുപേർ മരിച്ചത് ഇന്നലെയായിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചിലർ രക്ഷപ്പെടുകയും ചെയ്തു. മോശം കാലാവസ്ഥ കാരണം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു എന്നും അക്തൗ നഗരത്തിന് സമീപത്തെ വിമാത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം എന്നുമായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്.
എന്നാൽ അപകടത്തിന് ഇടയാക്കിയ യഥാർത്ഥ കാരണം എന്തെന്നതിനെപ്പറ്റിയുള്ള ചൂടേറിയ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. അസർബൈജാൻ പറയുന്നത് മോശം കാലാവസ്ഥയാണ് കാരണമെന്നാണ്. റഷ്യ പറയുന്നത് പക്ഷി ഇടിച്ചതാണെന്നാണ്. അതേസമയം യുക്രെയിനും ചില പാശ്ചാത്യ മാദ്ധ്യമങ്ങളും പറയുന്നത് തകർച്ചയ്ക്ക് പിന്നിൽ റഷ്യൻ ആക്രമണമാണെന്നാണ്. റഷ്യയ്ക്കെതിരെ നിരവധി തെളിവുകളും അവർ നിരത്തുന്നുണ്ട്.
മോശം കാലാവസ്ഥയെത്തുടർന്നാണ് വിമാനം എമർജൻസി ലാൻഡിംഗ് നടത്താൻ ശ്രമിച്ചതെന്നാണ് അസർബൈജാൻ ആവർത്തിച്ച് പറയുന്നത്. എന്നാൽ മറ്റുവിമാനങ്ങൾക്ക് മോശം കാലാവസ്ഥ പ്രശ്നമായിരുന്നില്ലേ എന്നാണ് ഇതിനെ എതിർക്കുന്നവർ ചോദിക്കുന്നത്. അപകടമുണ്ടാകുന്നതിന് മുമ്പോ അതിനുശേഷമാേ മോശം കാലാവസ്ഥ പ്രശ്നമുണ്ടാകകുന്നു എന്ന് ഒരു പൈലറ്റും എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ എമർജൻസി ലാൻഡിംഗ് നടത്തേണ്ട രീതിയിൽ അവിടെ മറ്റെന്തോ നടന്നിട്ടുണ്ട്. അതാണ് കണ്ടുപിടിക്കേണ്ടത്. മോശം കാലാവസ്ഥ എന്നത് പ്രാഥമിക നിഗമനമാണെന്നും തകർന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് അടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഇത് വിശകലനം ചെയ്യുന്നതിലൂടെ കാര്യങ്ങൾ എല്ലാം വ്യക്തമാകുമെന്നാണ് അസൈർബൈജാൻ പ്രസിഡന്റ് പറയുന്നത്.
പക്ഷിയും റഷ്യയും
പക്ഷി ഇടിച്ചതുമൂലമാണ് വിമാനത്തിന് എമർജൻസി ലാൻഡിംഗ് നടത്തേണ്ടിവന്നതെന്നാണ് റഷ്യ പറയുന്നത്:പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം വളരെ വ്യക്തമായെന്നും റഷ്യയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു. എന്നാൽ ഈ വാദത്തെ വിദഗ്ദ്ധർ തള്ളിക്കളയുകയാണ്. സാധാരണഗതിയിൽ പക്ഷി ഇടിച്ചാൽ പൈലറ്റിന് വിമാനത്തിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്. എന്നുകരുതി ഇത്രവലിയൊരു അപകടം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവാണ്. അതിനാൽ അപകടത്തിന് പിന്നിൽ മറ്റെന്തെങ്കിലും വലിയ കാരണം ഉണ്ടാകുമെന്നാണ് അവർ വ്യക്തമാക്കുന്നത്.
യുക്രെയിൻ പറയുന്നത്
യുക്രെയിൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ ആൻഡ്രി കോവാലങ്കോ ഒരു എക്സ് പോസ്റ്റിലൂടെയാണ് റഷ്യയ്ക്കെതിരെ സംശയത്തിന്റെ വിരൽചൂണ്ടുന്നത്. റഷ്യ വെടിവച്ചുവീഴ്ത്തിയതുതന്നെയെന്നാണ് ആൻഡ്രി കോവാലങ്കോ പറയുന്നത്. മിസൈൽ പ്രതിരോധ സംവിധാനത്തിലെ ആയുധങ്ങൾ പ്രയോഗിച്ചോ മിസൈൽ ഉപയോഗിച്ചോ വിമാനം തകർത്തതാവും എന്നും അദ്ദേഹം പറയുന്നു. ഇത് വെളിപ്പെടുത്തുന്ന തെളിവുകളും പോസ്റ്റിൽ വിശദമാക്കുന്നുണ്ട്.
തകർന്ന വിമാനത്തിന്റെ വാലറ്റം ഉൾപ്പടെയുള്ള ഭാഗത്ത് കണ്ടെത്തിയ ദ്വാരങ്ങളാണ് റഷ്യയ്ക്കെതിരെയുളള സംശയം ബലപ്പെടുത്തുന്നത്. അപകടത്തിൽപ്പെടുന്ന വിമാനങ്ങളിൽ കാര്യമായ കേടുപാടുകൾ ഉണ്ടാകാറുണ്ടെങ്കിലും അസൈർബൈജാൻ വിമാനത്തിൽ കണ്ടതുപോലുള്ള കേടുപാടുകൾ സാധാരണ ഉണ്ടാവാറില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ചെച്നിയയിലേക്ക് പോകുന്ന വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. ചെച്നിയയ്ക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ അപകടം ഉണ്ടായ അന്ന് രാവിലെ റഷ്യൻ ഡ്രോണുകൾ ആക്രമണം നടത്തിയിരുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതെല്ലാം റഷ്യയുടെ പങ്ക് ഏറക്കുറെ വ്യക്തമാക്കുന്ന തെളിവുകളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
വിമാനാപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിനുള്ളിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷപ്പെട്ടവരിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഓരോ ഭാഗങ്ങളായി തകരാറിലാവുന്നതും ഒടുവിൽ തകർന്നുവീണ വിമാനത്തിനുള്ളിൽ യാത്രക്കാർ ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ആദ്യം വിമാനത്തിന്റെ ക്യാബിൻ ആണ് വീഡിയോയിൽ കാണുന്നത്. വിമാനം കുത്തനെ ഇറങ്ങുമ്പോൾ ‘അല്ലാഹു അക്ബർ’ എന്ന് വീഡിയോ എടുക്കുന്ന യാത്രക്കാരൻ പറയുന്നുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാൻ ക്യാബിൻ ക്രൂ നിർദേശം നൽകുന്നതും കേൾക്കാം. വിമാനം തകർന്ന ശേഷം പരിക്കേറ്റ് തറയിൽ ചിതറിക്കിടക്കുന്ന യാത്രക്കാർ സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.