കോഴിക്കോട്: മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ജനം. എംടിയുടെ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലേക്കാണ് ജനങ്ങൾ എത്തുന്നത്. രാഷ്ട്രീയ, സാഹിത്യ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും എംടിയെ കാണാൻ എത്തുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ചലച്ചിത്ര ലോകത്ത് അനശ്വര കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ എംടിയെ കാണാൻ നടൻ മോഹൻലാൽ നേരം പുലരും മുൻപേ എത്തി. സംവിധായകൻ ഹരിഹരനും എത്തിയിരുന്നു. വളരെ വികാരാധീനനായാണ് ഹരിഹരൻ വീട്ടിലെത്തിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, നടൻ സുരാജ് വെഞ്ഞാറമൂട്, നടി കുട്ട്യേടത്തി വിലാസിനി എന്നിവരും എത്തി. എം മുകുന്ദനും ആദരാജ്ഞലി അർപ്പിച്ചു. എംടിയുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അനുശോചിച്ചിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു എം ടി ലോകത്താേട് വിടപറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ പൊതു ശ്മശാനത്തിലാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
1933 ജൂലായ് 15ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് ജനനം. മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും മികച്ച സംഭാവനകൾ നൽകിയിട്ടുള്ള എം.ടി, രാജ്യത്തെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം 1995ൽ നേടി. 2005ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലയാളികളുടെ എന്നും പ്രിയപ്പെട്ട നോവലുകളായ മഞ്ഞ്,നാലുകെട്ട്, അസുരവിത്ത്, കാലം,രണ്ടാമൂഴം, എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് എന്നിവ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓർമ്മയ്ക്ക്, കുട്ട്യേടത്തി, ഓളവും തീരവും, ഷെർലക്ക്, വാനപ്രസ്ഥം, വേദനയുടെ പൂക്കൾ, രക്തം പുരണ്ട മൺതരികൾ എന്നീ കഥകളും ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു.