കോഴിക്കോട്: മലയാളത്തിന്റെ മഹാ സാഹിത്യകാരന് എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അനുശോചിച്ചു. മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിയാണ് എംടിയെന്നും പാർശ്വവൽക്കരിക്കപ്പെട്ടവന് അദ്ദേഹം ശബ്ദം നൽകി എന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
‘മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയമായ വ്യക്തിത്വങ്ങളിലൊന്നായ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അങ്ങേയറ്റത്തെ ദുഃഖമുണ്ട്. മാനുഷിക വികാരങ്ങളുടെ ആഴത്തിലുള്ള പര്യവേഷണങ്ങളിലൂടെ അദ്ദേഹത്തിന്റെ കൃതികൾ തലമുറകളെ രൂപപ്പെടുത്തിയതിനൊപ്പം ഇനിയും പലരെയും പ്രചോദിപ്പിക്കുകയും ചെയ്യും. നിശബ്ദർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നൽകി’ അനുശോചന സന്ദേശത്തിൽ മോദി കുറിച്ചു. എംടിയുടെ കുടുംബാംഗങ്ങളെയും അദ്ദേഹം അനുശോചനം അറിയിച്ചു.
എംടിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യലോകത്തിന് കനത്ത നഷ്ടമാണെന്നാണ് രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചന സന്ദേശത്തിൽ പറഞ്ഞത്. ‘അദ്ദേഹത്തിന്റെ രചനകളിൽ ഗ്രാമീണ ഇന്ത്യ സജീവമായിരുന്നു. പത്മഭൂഷൺ ഉൾപ്പടെയുള്ള സുപ്രധാന പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്കും അദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്’ രാഷ്ട്രപതി പറഞ്ഞു. മലയാള സാഹിത്യത്തിനും സിനിമയ്ക്കും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിപറഞ്ഞത്.
ഇന്നലെരാത്രി പത്ത് മണിയോടെയായിരുന്നു എം ടി ലോകത്താേട് വിടപറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ പൊതു ശ്മശാനത്തിലാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്വവസതിയില്‍ പൊതുദർശനത്തിന് വച്ചിട്ടുള്ള എംടിയുടെ മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവരാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തുന്നത്. വൈകുന്നേരം നാലുമണിവരെയാണ് പൊതുദർശനം. എം ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. മന്ത്രിസഭാ യോഗം ഉള്‍പ്പെടെ ഒഴിവാക്കിയിട്ടുണ്ട്.