ഹൈദരാബാദ്: അല്ലു അർജുന്റെ പുഷ്പ 2 വിവാദങ്ങൾക്കിടെ മുഴുവൻ തെലങ്കാന സിനിമ ഇൻഡസ്ട്രിയും ഇന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണുമെന്ന് തെലങ്കാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ. സിനിമാ ഇൻഡസ്ട്രിയും സർക്കാരും തമ്മിലെ പാലമായി പ്രവർത്തിക്കുമെന്ന് തെലങ്കാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനും സിനിമാ നിർമാതാവുമായ ദിൽ രാജു പറഞ്ഞു. പുഷ്പ 2 വിവാദങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപ്പോയ്ന്റ്മെന്റ് നൽകിയിട്ടുണ്ട്. സിനിമാ മേഖല മുഴുവനും അദ്ദേഹത്തെ കാണും. ഹൈദരാബാദിലുള്ള എല്ലാവരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. പുഷ്പ 2ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ട രേവതിയുടെ മകൻ ശ്രീതേജ് ചികിത്സയോട് പ്രതികരിക്കുന്നുണ്ട്. സുഖം പ്രാപിച്ചുവരികയാണ്. രണ്ട് ദിവസം മുൻപ് കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു’- രാജു അറിയിച്ചു. ചികിത്സയിൽ കഴിയുന്ന ശ്രീതേജിന്റെ കുടുംബത്തിന് നൽകുന്ന സഹായങ്ങളെക്കുറിച്ച് നേരത്തെ മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നതായും രാജു വ്യക്തമാക്കി. സർക്കാരും സിനിമാ മേഖലയും കുട്ടിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾക്ക് ലഭിക്കുന്ന സഹായത്തിനും പിന്തുണയ്ക്കും ശ്രീതേജിന്റെ പിതാവ് ഭാസ്കർ നന്ദി അറിയിച്ചിരുന്നു. 20 ദിവസത്തിനുശേഷമാണ് മകൻ പ്രതികരിച്ചത്. അല്ലു അർജുനും തെലങ്കാന സർക്കാരും തങ്ങൾക്ക് വളരെയധികം സഹായം നൽകുന്നുണ്ടെന്നും ഭാസ്കർ പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഡിസംബർ നാലിനാണ് പുഷ്പ 2വിന്റെ പ്രീമിയർ ഷോയുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതിയാണ് (39) മരിച്ചത്. തിക്കും തിരക്കും ഉണ്ടാക്കി എന്നാരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്മെന്റ് അംഗങ്ങളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13ന് വൈകിട്ടാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് 50,000 രൂപയുടെ ആൾജാമ്യത്തിൽ ശനിയാഴ്ച രാവിലെ തന്നെ താരം പുറത്തിറങ്ങിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]