
മസ്കറ്റ്: ഒമാനിലേക്ക് സമുദ്ര മാർഗം ഞുഴഞ്ഞു കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായി. മസ്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്. ഇരുപത്തിയെട്ട് പേരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Also –
വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ 16,899 നിയമലംഘകർ സൗദിയിൽ പിടിയിൽ
റിയാദ്: സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. ഒരാഴ്ചയ്ക്കിടെ സൗദിയിൽ 16,899 നിയമലംഘകരെ പിടികൂടി. വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 16,899 പേരാണ് അറസ്റ്റിലായത്. രാജ്യത്ത് ഉടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
11,033 പേർ താമസനിയമം ലംഘിച്ചവരും 3,493 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,373 തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 769 പേർ അറസ്റ്റിലായി. ഇതിൽ 39 ശതമാനം യമനികളും 58 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്. 80 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകാൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസം, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്തിരുന്ന 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
മൊത്തം 52,369 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 46,431 പുരുഷന്മാരും 5,938 സ്ത്രീകളുമാണ്. ഇവരിൽ 46,743 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 1,716 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് ശിപാർശ ചെയ്തു. 9,147 നിയമലംഘകരെ ഒരാഴ്ചക്കിടെ നാടുകടത്തി. നുഴഞ്ഞു കയറ്റക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ പാർപ്പിടമോ മറ്റെന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Last Updated Dec 25, 2023, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]