
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ – കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തിന്റെ മറപിടിച്ച് രാഷ്ട്രീയ വൈരാഗ്യം തീർത്തത്തിന്റെ ജീവിക്കുന്ന ബലിയാടാണ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ കണ്ണൂർ മുഴക്കുന്ന് സ്വദേശി എ.കെ ഹസൻ മാസ്റ്റർ.
മൂന്നര പതിറ്റാണ്ടു കാലമായി കുട്ടികൾക്ക് അക്ഷരവിദ്യ പകരുന്ന ഈ അധ്യാപകനെ അന്ധമായ കക്ഷിരാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പോക്സോ കരുക്കിൽ അകപ്പെടുത്തിയെങ്കിലും കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് കഴിഞ്ഞദിവസം വെറുതെ വിടുകയായിരുന്നു. നാലു വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന കള്ളക്കഥ മെനഞ്ഞാണ് തന്നെ ഒരുമാസം ജയിലിലടച്ചതെന്ന് ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ സംസ്ഥാന നിർവാഹസമിതി അംഗവുമായിരുന്ന ഹസൻ മാസ്റ്റർ പറഞ്ഞു.
താൻ ആരെയും ഇതുവരെയും ദ്രോഹിച്ചിട്ടില്ല. എന്നെ ഉപദ്രവിച്ച ആരോടും പ്രതികാരം ചെയ്യാനുമില്ല. എല്ലാം ദൈവത്തിന്റെ കോടതിയിലേക്ക് വിടുന്നു. ഉപ്പുതിന്നവർ വെള്ളം കുടിക്കും. ഇതിനു പിന്നിൽ പ്രവൃത്തിച്ച കറുത്ത കരങ്ങൾക്ക് പ്രകൃതി തന്നെ ഏറ്റവും കടുത്ത ശിക്ഷ നൽകും. എസ്.എഫ്.ഐയും മഹിളാ അസോസിയേഷനുമെല്ലാം സ്കൂളിന് മുന്നിൽ ഉപരോധ സമരവുമായി കടുത്ത രാഷ്ട്രീയസമ്മർദ്ദ തന്ത്രം പ്രയോഗിച്ചതിന് പിന്നാലെ അഞ്ചുമാസത്തെ സസ്പെൻഷനും വീട്ടിനടുത്ത സ്കൂളിൽനിന്ന് വിദൂര സ്ഥലത്തേക്കുള്ള സ്ഥലംമാറ്റവും നൽകി വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചപ്പോഴും നീതിദേവതയിൽ പ്രതീക്ഷയുണ്ടായിരുന്നു. അതുതന്നെയാണ് കഴിഞ്ഞദിവസം മട്ടന്നൂർ അതിവേഗ പോക്സോ കോടതി വിധിയിലൂടെ വ്യക്തമായതെന്നും അദ്ദേഹം പ്രതികരിച്ചു.
വിചാരണ ദിവസം വൈകാരിക രംഗങ്ങൾക്ക് കോടതിമുറ്റം സാക്ഷിയായതും ഓർത്തെടുത്തു. പരാതിക്കാരിയായ ഒരു വിദ്യാർത്ഥിനി അധ്യാപകന്റെ കാൽതൊട്ട് മാപ്പുചോദിക്കുകയും തങ്ങൾ കരുവാക്കപ്പെടുകയായിരുന്നുവെന്ന് തുറന്നു പറയുകയുമായിരുന്നു. കുട്ടിയുടെ പിതാവും മാപ്പപേക്ഷിക്കുകയുണ്ടായി. അപ്പോൾ, ‘പരാതി പറഞ്ഞ കുട്ടികളോട് തനിക്ക് വിരോധമില്ലെന്നും അവർ നിരപരാധികളാണെന്ന് ബോധ്യമുണ്ടെന്നും രാഷ്ട്രീയ നേതൃത്വം കുട്ടികളെ കരുവാക്കുകയായിരുന്നുവെന്നും പറഞ്ഞ അധ്യാപകൻ, കുട്ടികൾ നൽകിയെന്ന് പറയപ്പെടുന്ന മൊഴി പോലുമായിരുന്നില്ല പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയതെന്നും പറഞ്ഞു. അടുത്ത മെയിൽ സർവീസിൽനിന്ന് വിരമിക്കുന്ന തന്റെ സൽപേര് കളങ്കപ്പെടുത്താനും രാഷ്ട്രീയ ഭാവി തകർക്കാനുമാണ് രാഷ്ട്രീയ എതിരാളികൾ കേസ് കെട്ടിച്ചമച്ചതെന്നും ഹസൻ മാസ്റ്റർ വ്യക്തമാക്കി.
കുട്ടികളുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി നിർമിച്ച പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്ന് കെ.പി.എസ്.ടി.എ ഓർമിപ്പിച്ചു. കേസിൽ അധ്യാപകനെ കോടതി വെറുതെ വിട്ടതോടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞിരിക്കുകയാണ്. രണ്ടുപതിറ്റാണ്ടിലേറെക്കാലമായി പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്ന ഹസൻ മാസ്റ്ററെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഇടത് അനുകൂല സംഘടന നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കേസെന്ന് കൂടുതൽ വ്യക്തമായിരിക്കുന്നു. നീതിപീഠം ഹസൻ മാസ്റ്ററെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിടുമ്പോഴും അദ്ദേഹത്തിന് വ്യക്തിപരമായും കുടുംബ-സാമൂഹ്യ ജീവിതത്തിലും ഉണ്ടായ മാനനഷ്ടവും മറ്റും ഈ വിധിയിലൂടെ മാറ്റാനാവില്ല. ഇത്തരത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗൂഢസംഘങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും ഒറ്റപ്പെടുത്തണമെന്നും കെ.പി.എസ്.ടി.എ ഇരിട്ടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.