ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് 10 വിക്കറ്റിന്റെ തകർപ്പൻ ജയം. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം, വെറും 16.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു.
60 പന്തിൽ 121 റൺസുമായി പുറത്താകാതെ നിന്ന രോഹനാണ് കേരളത്തിന്റെ വിജയശില്പി. നായകൻ സഞ്ജു സാംസൺ 41 പന്തിൽ 51 റൺസുമായി മികച്ച പിന്തുണ നൽകി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഒഡീഷ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തിരുന്നു. കേരളത്തിനായി നിധീഷ് എം ഡി നാല് വിക്കറ്റ് വീഴ്ത്തി.
രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ സെഞ്ചുറിയായിരുന്നു മത്സരത്തിന്റെ മുഖ്യ ആകർഷണം. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ കേരളം 66 റൺസെടുത്തിരുന്നു, ഇതിനിടെ രോഹൻ അർധസെഞ്ചുറിയും പൂർത്തിയാക്കി.
പിന്നീട് കൂടുതൽ അപകടകാരിയായ രോഹൻ, 10 സിക്സറുകളും 10 ഫോറുകളും ഉൾപ്പെടെയാണ് 121 റൺസ് അടിച്ചുകൂട്ടിയത്. രോഹന് ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ച സഞ്ജു ഒരു സിക്സും ആറ് ഫോറും നേടി.
നേരത്തെ, ഒഡീഷയ്ക്ക് ഓപ്പണർമാരായ സ്വാസ്തിക് സമൽ (20), ഗൗരവ് ചൗധരി (29) എന്നിവർ ചേർന്ന് 48 റൺസിന്റെ ഭേദപ്പെട്ട തുടക്കം നൽകിയിരുന്നു.
ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ച് നിധീഷാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. അധികം വൈകാതെ ഗൗരവിനെയും നിധീഷ് പുറത്താക്കി.
സുബ്രാൻഷു സേനാപതി (15) കൂടി മടങ്ങിയതോടെ ഒഡീഷ മൂന്നിന് 75 എന്ന നിലയിലായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ബിപ്ലബ് സാമന്ത്രെയും (53) സംബിത് ബറാലും (40) ചേർന്ന് 79 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഒഡീഷയെ മികച്ച സ്കോറിലേക്ക് നയിച്ചു.
17-ാം ഓവറിൽ സംബിതിനെ പുറത്താക്കി നിധീഷ് ഈ കൂട്ടുകെട്ട് തകർത്തു. തൊട്ടടുത്ത ഓവറിൽ പ്രയാഷ് കുമാറിനെ (1) കെ എം ആസിഫ് മടക്കി.
19-ാം ഓവറിൽ സൗരവ് ഗൗഡയെ (0) പുറത്താക്കി നിധീഷ് തന്റെ വിക്കറ്റ് നേട്ടം നാലാക്കി ഉയർത്തി. അവസാന ഓവറിൽ ബിപ്ലബിനെ പുറത്താക്കി കെ എം ആസിഫ് ഒഡീഷയെ 176 റൺസിൽ ഒതുക്കി.
ആസിഫ് മത്സരത്തിൽ രണ്ട് വിക്കറ്റ് നേടി. സഞ്ജുവിന്റെ സഹോദരൻ സാലി സാംസൺ മൂന്ന് ഓവർ എറിഞ്ഞ് 33 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.
കേരളം: സഞ്ജു സാംസൺ (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, സാലി സാംസൺ, അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, അബ്ദുൾ ബാസിത്ത്, അങ്കിത് ശർമ, അഖിൽ സ്കറിയ, കെ എം ആസിഫ്, എം ഡി നിധീഷ്. ഒഡീഷ: ബിപ്ലബ് സാമന്ത്രെ (ക്യാപ്റ്റൻ), സ്വസ്തിക് സമൽ, ഗൗരവ് ചൗധരി, സുബ്രാൻഷു സേനാപതി, പ്രയാഷ് സിംഗ്, സൗരവ് കെ ഗൗഡ, രാജേഷ് മൊഹന്തി, സംബിത് ബറാൽ, ബാദൽ ബിസ്വാൾ, പപ്പു റോയ്, വഗീഷ് ശർമ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

