മുംബൈ: മുംബൈയിലെ ചെമ്പൂരിലെ ഒരു കാളീക്ഷേത്രത്തിൽ വിഗ്രഹം മാറ്റം വരുത്തി മാതാവിന്റെ രൂപത്തോട് സാമ്യമുള്ള രീതിയിൽ മാറ്റം വരുത്തിയത് ഭക്തരെ ഞെട്ടിച്ചു. സംഭവത്തിൽ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച അനിക് വില്ലേജിലെ ഹിന്ദു ശ്മശാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കാളീക്ഷേത്രത്തിലാണ് സംഭവം. പുറത്തുവന്ന ചിത്രങ്ങളിൽ, പരമ്പരാഗതമായി കറുപ്പ് അല്ലെങ്കിൽ കടുംനീല നിറത്തിലുള്ള ദേവിയുടെ വിഗ്രഹത്തിന് വെള്ള പെയിന്റ് അടിച്ച്, സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങൾ അണിയിച്ച നിലയിലാണ്.
വെള്ള അലങ്കാരങ്ങളോടുകൂടിയ വലിയ കിരീടവും അതിനുമുകളിൽ ഒരു സ്വർണ്ണ കുരിശ് വയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, ദേവി ഒരു കുഞ്ഞിന്റെ രൂപം കൈയിൽ പിടിച്ചിരുന്നു, ഇത് ഉണ്ണിയേശുവിനെ പ്രതിനിധീകരിക്കുന്നതായി കരുതുന്നു.
ശ്രീകോവിലിന്റെ പശ്ചാത്തലവും മാറ്റിയിരുന്നു. ഒരു വലിയ സ്വർണ കുരിശ് ആലേഖനം ചെയ്ത ചുവന്ന തുണിയാണ് പശ്ചാത്തലമായി ഉപയോഗിച്ചത്.
ഇരുവശത്തും അലങ്കാര ലൈറ്റുകളും വെച്ചിരുന്നു. വിഗ്രഹത്തിന് എന്ത് സംഭവിച്ചുവെന്ന് ഭക്തർ ചോദിച്ചപ്പോൾ, സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട
ദേവി, മാതാവിന്റെ രൂപത്തിൽ അണിയിച്ചൊരുക്കാൻ നിർദ്ദേശിച്ചു എന്നാണ് പൂജാരി അവകാശപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ച ഉടൻ പൊലീസ് നടപടി സ്വീകരിച്ചു.
പ്രദേശത്ത് മറ്റ് പ്രശ്നങ്ങൾ തടയുന്നതിനായി, പൊലീസിന്റെ സാന്നിധ്യത്തിൽ കാളീവിഗ്രഹം അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് പുനഃസ്ഥാപിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് ചെയ്ത പൂജാരിയെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഈ മാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്താനും പൂജാരി ഒറ്റയ്ക്കാണോ പ്രവർത്തിച്ചതെന്നും ചോദ്യം ചെയ്യലിലൂടെ അറിയാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയം നശിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദൾ ഉൾപ്പെടെയുള്ള വലതുപക്ഷ സംഘടനകൾ അപലപിക്കുകയും, ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രവർത്തകർ പൊലീസിനോടും സംസ്ഥാന സർക്കാരിനോടും അഭ്യർത്ഥിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

