മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെ സ്വർണക്കടത്ത് സംഘം പിടിയിലാകുന്നത് നിത്യ സംഭവമായിട്ടുണ്ട്. തുടർച്ചയായ ഏഴാം ദിവസവും കരിപ്പൂരിൽ സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച 1,19,77,400 രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ 52 കോടിയിലേറെ രൂപ മൂല്യമുള്ള സ്വർണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണക്കടത്തിന് ഒത്താശ ചെയ്ത സി ഐ എസ് എഫ് കമാൻഡന്റ് നവീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ സസ്പെൻഷനിലാണ്.
എന്നാൽ ഇപ്പോഴും സ്വർണക്കടത്തിന് ഒരു മാറ്റവുമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യ, ബഹ്റൈൻ, ദുബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് യാത്രികരിൽ നിന്നാണ് ശനിയാഴ്ച സ്വർണ മിശ്രിതം പിടികൂടിയത്. റിയാദിൽ നിന്ന് വിമാനത്തിലെത്തിയ പുലാമന്തോൾ ചെമ്മലശ്ശേരി മുഹമ്മദ് റഫീഖ് എന്ന 34കാരന് 57,69,600 രൂപയുടെ സ്വർണവുമായാണ് പിടിയിലായത്. നാല് കാപ്സ്യൂളുകളായി 960 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാൾ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ബഹ്റൈനിൽ നിന്ന് വന്ന വടകര വില്യാപ്പള്ളി ഈങ്ങാട്ട് താഴക്കുനി സൽമാൻ ഫാരിസിൽ (24) നിന്ന് 46,87,800 രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. മൂന്ന് ക്യാപ്സ്യൂളുകളിലായി 877 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
വടകര മുട്ടുങ്ങൽ തൈക്കണ്ടിയിൽ ഖദീമിനെ (33) 15,20,000 രൂപയുടെ സ്വർണവുമായി കസ്റ്റംസ് അറസ്റ്റ് ചെയ്തു. 250 ഗ്രാം സ്വർണമാണ് തൊപ്പിക്കടിയിലും അടിവസ്ത്രത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ എത്തിയത്. ഒരാഴ്ചക്കിടെ 52,54,360 രൂപയുടെ സ്വർണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Nov 26, 2023, 3:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]