First Published Nov 25, 2023, 10:08 PM IST
ഫ്രീയായി കിട്ടുന്നതിനോടെല്ലാം ആളുകൾക്ക് പൊതുവേ ഒരു താല്പര്യക്കൂടുതലുണ്ട്. ഒന്നെടുത്താൽ ഒന്ന് ഫ്രീ ആയി കിട്ടുന്ന സാധനങ്ങൾ, ഫ്രീ ആയ സേവനങ്ങൾ, ഫ്രീ ഗിഫ്റ്റ് കൂപ്പണുകൾ… ഇനി അങ്ങനെ കിട്ടുന്നത് വലിയ ഉപയോഗമില്ലാത്ത സാധനമായാലും നമ്മൾ ഹാപ്പിയാണ്. അങ്ങനെ ഈ ‘ഫ്രീ കാലം’ കഴിഞ്ഞിട്ടൊരു സമയം വരും. പോകെപ്പോകെ സൗജന്യങ്ങൾ ഒന്നൊന്നായി വഴിമാറും. ഫ്രീ ആയിരുന്ന പലതിനും നമ്മൾ പണം മുടക്കേണ്ടിയും വരും. പക്ഷേ ഫ്രീ കാലത്ത് ഇതൊരു ശീലമാക്കിയതുകൊണ്ടോ സൗകര്യംകൊണ്ടോ പണം മുടക്കിയാലും സാരമില്ലെന്ന് അവസ്ഥയിലേക്ക് നമ്മളുമെത്തും.
ഇതെന്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത് എന്നാണോ ആലോചിക്കുന്നത്. സംശയിക്കണ്ട, ഗൂഗിൾ പേയെക്കുറിച്ചുതന്നെ. റീചാർജുകൾക്ക് ഗൂഗിൾ പേ കൺവീനിയൻസ് ഫീ ഈടാക്കിത്തുടങ്ങിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവം അറിഞ്ഞതോടെ പലരും ടെൻഷനിലുമായി. റീചാർജുകൾക്ക് പിന്നാലെ ഇനി മറ്റ് പണമിടപാടുകൾക്കും ഇത് നൽകേണ്ടി വരുമോ എന്ന ആശങ്ക പലർക്കുമുണ്ട്. ഗൂഗിൾ പേയുടെ ഈ പുതിയ പരിഷ്കാരത്തെക്കുറിച്ചും കൺവീനിയൻസ് ഫീയെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ട്.
നിലവിൽ നമ്മൾ പണമിടപാട് നടത്താൻ വ്യത്യസ്തമായ നിരവധി പേമെന്റ് മെത്തേഡുകൾ (payment methods ) ഉപയോഗിച്ചുവരുന്നുണ്ട്. അത്തരം പേമെന്റ് രീതികളുടെ കൂടുതൽ സുഗമമായ നടത്തിപ്പിനായി ഉപഭോക്താക്കൾ നൽകേണ്ടിവരുന്ന പണമാണ് കൺവീനിയൻസ് ഫീസ്. ഇത് താരതമ്യേന കുറഞ്ഞ ഒരു തുകയായിരിക്കും. എന്നാൽ പിൽക്കാലത്ത് ഇത് കൂട്ടാനും കമ്പനികൾക്ക് അധികാരമുണ്ട്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ നമ്മൾ നേരിട്ട് ചെയ്യേണ്ട സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ, വീട്ടിലിരുന്നുകൊണ്ട് ചെയ്യാൻ നമ്മളെ സഹായിക്കുന്നതിന് പകരമായി നമ്മൾ നൽകുന്ന ഫീസാണ് കൺവീനിയൻസ് ഫീ.ഇത്തരത്തിൽ കൺവീനിയൻസ് ഫീ ഈടാക്കുന്നുണ്ടെങ്കിൽ അക്കാര്യം ഉപഭോക്താവിനെ കൃത്യമായി അറിയിക്കേണ്ടതുമുണ്ട്. അതായത് നിങ്ങൾ നടത്തിയ ഇടപാടിൽ എത്ര രൂപയാണ് കൺവീനിയൻസ് ഫീ ആയി നൽകേണ്ടിവന്നതെന്ന് ഇടപാടിന്റെ റസീപ്റ്റിൽ പ്രത്യേകമായി കാണിച്ചിരിക്കണം. ഗൂഗിൾ പേരിൽ കൺവീനിയൻസ് ഫീ വന്നതുമായി ബന്ധപ്പെട്ട പങ്കുവയ്ക്കപ്പെട്ട സ്ക്രീൻഷോട്ടിലും ആകെ തുകയ്ക്ക് പുറമെ കൺവീനിയൻസ് ഫീ ആയി നൽകിയിട്ടുള്ള തുക പ്രത്യേകം കാണിച്ചിട്ടുണ്ട്. ഒരു പണമിടപാടിന് അല്ലെങ്കിൽ സേവനത്തിന് കൺവീനിയൻസ് ഫീ ഈടാക്കണമെങ്കിൽ ആ ഇടപാടിന് മറ്റൊരു സാധാരണ പേയ്മെന്റ് രീതി ഉണ്ടായിരിക്കണം. ഉദാഹരണമായി ഇപ്പോൾ ഗൂഗിൾ പേ കൺവീനിയൻസ് ഫീ ഈടാക്കുന്നത് ഫോൺ റീചാർജുകൾക്കാണല്ലോ. റീചാർജ് നമുക്ക് മൊബൈൽ ഷോപ്പിലൂടെ പണം നൽകി നേരിട്ട് നടത്താവുന്ന ഒരു സേവനമാണ്. അതിനാൽത്തന്നെ ഈ ഓൺലൈൻ പേയ്മെന്റ് മെത്തേഡ് ഒരു ബദൽ മാർഗമായിരിക്കും. നിങ്ങൾക്ക് വേണമെങ്കിൽ ഇതൊഴിവാക്കി നേരിട്ടുള്ള പണമിടപാട് നടത്താനാകും. കൺവീനിയൻസ് ഫീ സംബന്ധിച്ച് വ്യത്യസ്ത രാജ്യങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളുണ്ട്. പത്ത് യു എസ് സംസ്ഥാനങ്ങളിൽ കൺവീനിയൻസ് ഫീ നിരോധിച്ചിട്ടുണ്ട്. മറ്റുചില സംസ്ഥാനങ്ങളിലാകട്ടെ, ഇത് നിയമവിധേയവുമാണ്.
ഇനി ഗൂഗിൾ പേ ഈടാക്കുന്ന കൺവീനിയൻസ് ഫീയിലേക്ക് വന്നാൽ, നിലവിൽ മൊബൈൽ റീചാർജുകൾക്ക് മാത്രമാണ് ഈ തുക ഈടാക്കുന്നത്. 100 രൂപയില്‍ താഴെയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 100 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 200 മുതല്‍ രൂപ വരെ 300 രൂപ വരെയുള്ള റീചാർജുകൾക്ക് രണ്ട് രൂപ ഈടാക്കും. മുന്നൂറിന് മുകളിലുള്ള റീചാർജുകൾക്ക് മൂന്ന് രൂപയും ഈടാക്കുന്നുണ്ട്. ഈ കണ്‍വീനിയന്‍സ് ഫീ ജി എസ് ടി ഉള്‍പ്പെടെയുള്ളതാണെന്നതാണ് മറ്റൊരു കാര്യം.
ഈ മാസമാദ്യം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍, സേവന നിബന്ധനകള്‍ അപ്ഡേറ്റ് ചെയ്തിരുന്നു. കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തില്‍ ഫീസ് നിശ്ചയിച്ചേക്കാമെന്നും പുതുക്കിയ സേവന നിബന്ധനകളിൽ പറയുന്നുണ്ട്. തികച്ചും ഫ്രീ ആയിട്ടായിരുന്നു ഗൂഗിൾ പേയുടെ ആദ്യകാല സേവനങ്ങൾ. കൂടാതെ ആകർഷകമായ വമ്പൻ ഓഫറുകളും അവർ അവതരിപ്പിച്ചു. സുഹൃത്തുക്കളെ ഇൻവൈറ്റ് ചെയ്താൽ പണം കിട്ടും, ഓരോ പണമിടപാടിനും ഗിഫ്റ്റ് കാർഡുകളും ക്യാഷ് ബാക്കും കിട്ടും, കൂടുതൽ പണമിടപാടുകൾ നടത്തിയാൽ ഉയർന്ന തുകകൾ അക്കൗണ്ടിലേക്കെത്തും… അങ്ങനെ ഉപഭോക്താക്കളെ ഹാപ്പി ആക്കുന്ന പലതും ഗൂഗിൾ പേ നൽകി. ചുരുങ്ങിയ കാലംകൊണ്ട് വലിയ ജനപ്രീതിയും നേടാനായി. ഗൂഗിളിന്റെ സ്വന്തം പേമെന്റ് ആപ്പായതിനാൽ വിശ്വാസ്യതയും ഉയർന്നു. കൊവിഡ് കാലത്തെ ഡിജിറ്റൽ പണമിടപാട് ഗൂഗിൾ പേയെ വമ്പൻ ഹിറ്റിലേക്ക് നയിച്ചു.
പോകെപ്പോകെ സാവധാനം ക്യാഷ് ബാക്കും ഓഫറുകളുമെല്ലാം കുറഞ്ഞുവന്നു. ഗിഫ്റ്റ് കാർഡ് ചുരണ്ടുമ്പോൾ കിട്ടുന്നത് അധികവും ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം ആയതോടെ ഓഫർ കാലം കഴിഞ്ഞെന്ന് മിക്കവർക്കും മനസ്സിലാവുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ഗൂഗിൾ പേ അടക്കമുള്ള പേമെന്റ് ആപ്പുകൾ നമുക്കെല്ലാം ശീലമായിക്കഴിഞ്ഞു. പണം കയ്യിൽ കൊണ്ടുനടക്കേണ്ട ബുദ്ധിമുട്ടില്ല, മോഷണം പോകുമെന്ന ടെൻഷനുമില്ല. ഗിഫ്റ്റ് കാർഡും ക്യാഷ് ബാക്കും കിട്ടിയില്ലെങ്കിലെന്ത്, ഫ്രീ ആയി എളുപ്പത്തിൽ പണമിടപാട് നടത്താമല്ലോ എന്നായി ആളുകളുടെ ചിന്ത. ആ ഈസി ഗോയിങ് പരിപാടികൾക്കാണ് ഇപ്പോൾ തിരിച്ചടി കിട്ടിയിരിക്കുന്നത്. ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്മെന്റ് സേവന ദാതാക്കളല്ല ഗൂഗിള്‍ പേ. പേടിഎം, ഫോണ്‍പേ എന്നിവർ നേരത്തെതന്നെ പല സേവനങ്ങൾക്കും തുക ഈടാക്കി തുടങ്ങിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഭാവിയിൽ ഗൂഗിൾ പേ എല്ലാ ഇടപാടുകൾക്കും ഈ കൺവീനിയൻസ് ഫീ ഈടാക്കുമോ എന്നാണ് ഉപഭോക്താക്കൾ ആശങ്കയോടെ നോക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 25, 2023, 10:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]