
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്ന മുറയ്ക്ക് മാത്രം തുടർനടപടി മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമപരമായി തന്നെ കാര്യങ്ങൾ മുന്നോട്ട് പോകട്ടെ എന്നാണ് വിലയിരുത്തൽ. എഡിഎമ്മിന്റെ മരണം സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം ഗൗരവമായി ചർച്ച ചെയ്തതുമില്ല.
ഇപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റിയിട്ടുണ്ട്. അതൊരു നടപടിയാണ്. ബാക്കിയുള്ള കാര്യങ്ങൾ നിയമപരമായി അതിന്റെ വഴിക്ക് നടക്കട്ടെയെന്നാണ് സിപിഎം നിലപാട്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. അക്കാര്യം കൂടി അറിഞ്ഞ ശേഷം, കോടതിയെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് എങ്ങനെയാണോ നടപടി വേണ്ടത് അങ്ങനെ മതിയെന്നും അതിനപ്പുറത്തേക്ക് ഒരു തീരുമാനമോ തിരക്കിട്ട നടപടിയോ വേണ്ടെന്നാണ് സിപിഎം നിലപാട്. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.
അതേ സമയം, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതിയായ പിപി ദിവ്യ കീഴടങ്ങില്ലെന്ന് അടുത്ത വൃത്തങ്ങളിൽ നിന്ന് വിവരം പുറത്തുവന്നിട്ടുണ്ട്. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുന്നുവെന്നും കീഴടങ്ങുമെന്നത് അഭ്യൂഹം മാത്രമെന്നുമാണ് വിശദീകരണം. ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിൽ അവധി നീട്ടാൻ അപേക്ഷ നൽകി.
അതിനിടെ അന്വേഷണസംഘം ഇന്ന് കണ്ണൂർ ജില്ലാ പഞ്ചായത്തിലെത്തി. യാത്രയയപ്പ് ദിവസത്തെ വിവരങ്ങളറിയാൻ പ്രസിഡന്റിന്റെ ഓഫീസ് ജീവനക്കാരുടെ മൊഴിയെടുത്തു. ആരോഗ്യവകുപ്പ് നടപടിക്കൊരുങ്ങവെ കൈക്കൂലി ആരോപണമുന്നയിച്ച ടി. വി. പ്രശാന്ത് പത്ത് ദിവസത്തേക്ക് കൂടി അവധി നീട്ടാൻ അപേക്ഷ നൽകി. സർവീസ് ചട്ടങ്ങൾ പ്രശാന്ത് ലംഘിച്ചെന്ന് വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]