
.news-body p a {width: auto;float: none;}
വെല്ലിംഗ്ടൺ : വരുന്ന 50 വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഭീകരമായ ഭൂചലനം ന്യൂസിലൻഡിൽ ഉണ്ടാകാമത്രെ. ന്യൂസിലൻഡിലെ ആൽപൈൻ ഫോൾട്ട് മേഖലയിൽ റിക്ടർ സ്കെയിലിൽ 8ൽ കൂടുതൽ തീവ്രതയുള്ള ഭൂചലനത്തിന് സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ന്യൂസിലൻഡിന്റെ തെക്ക് സൗത്ത് ഐലൻഡിൽ നിന്ന് കിലോമീറ്ററുകളോളം നീളത്തിലാണ് ആൽപൈൻ ഫോൾട്ട് എന്നറിയപ്പെടുന്ന ഭീമൻ വിള്ളലുള്ളത്. ഇവിടെ നിന്നാണ് സതേൺ ആൽപ്സ് പർവത നിരകൾ ഉത്ഭവിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ ശക്തമായ ഭൂചലനങ്ങളുടെ ഫലമായാണ് ആൽപൈൻ ഫോൾട്ട് രൂപപ്പെട്ടത്. ഇനിയും ഈ മേഖലയിൽ എപ്പോൾ വേണമെങ്കിലും ശക്തമായ ഭൂചലനം ഉണ്ടായേക്കാം. ഏകദേശം 300 വർഷം കൂടുമ്പോഴെങ്കിലും വൻ ഭൂകമ്പങ്ങൾ ഉണ്ടാകാനിടയുള്ളതായി ഗവേഷകർ പറയുന്നു. ആൽപൈൻ ഫോൾട്ടിലുണ്ടായ കഴിഞ്ഞ 20 ഭൂചലനങ്ങളെ വിശകലനം ചെയ്തതിലൂടെയാണ് കരുതിയതിലും ശക്തമായ ഭൂചലനങ്ങൾക്ക് സാദ്ധ്യതയുള്ളതായി കണ്ടെത്തിയത്. വരുന്ന 50 വർഷത്തിനുള്ളിൽ റിക്ടർ സ്കെയിലിൽ ഏഴോ അതിൽ കൂടുതലോ തീവ്രതയുള്ള ഭൂചനലത്തിന് 75 ശതമാനം സാദ്ധ്യതയുണ്ടെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഇനി വരാനിരിക്കുന്നത് 1717ൽ സംഭവിച്ചത് പോലെ റിക്ടർ സ്കെയിലിൽ ഏകദേശം 8.1 അല്ലെങ്കിൽ അതിൽ കൂടുതലോ തീവ്രതയുള്ള ഭൂകമ്പത്തിന് 82 ശതമാനം സാദ്ധ്യതയെന്നാണ് പഠനം. ആൽപൈൻ ഫോൾട്ടിന്റെ 380 കിലോമീറ്ററോളം വിള്ളലിന് കാരണമായത് 1717ലെ ഭൂകമ്പമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു ഭൂചലനത്തെ നേരിടാൻ അധികൃതർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. 2009ൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം സൗത്ത് ഐലൻഡിൽ സംഭവിച്ചിരുന്നു. ആൽപൈൻ ഫോൾട്ടിന്റെ സമീപ പ്രദേശങ്ങൾക്ക് ഭൂചലന മുന്നറിയിപ്പ് നൽകാൻ ഭൗമചലനങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]