
ഗ്വാളിയോര്‍: മധ്യപ്രദേശില്‍ 47 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി ഒരാളെ പിടികൂടിയ സംഭവത്തില്‍ ട്വിസ്റ്റ്. പഴയ നോട്ടുകള്‍ പുതിയതാക്കി തരാമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് താന്‍ 500, 1000 രൂപ നോട്ടുകെട്ടുകളുമായി ഇറങ്ങിയതെന്ന് പിടിയിലായ മൊറേന സ്വദേശിയായ സുല്‍ത്താന്‍ കരോസിയ പൊലീസിനോട് പറഞ്ഞു.
നോട്ട് നിരോധനം വരുന്നതിന് ഏഴ് മാസം മുന്‍പ് മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് തനിക്ക് നോട്ടുകെട്ടുകള്‍ ലഭിച്ചതെന്ന് സുല്‍ത്താന്‍ പൊലീസിനോട് പറഞ്ഞു. ആരോടും പറയാതെ താന്‍ ആ നോട്ടുകള്‍ വീട്ടില്‍ സൂക്ഷിച്ചെന്നും സുല്‍ത്താന്‍ പറഞ്ഞു. ഒരു പരിചയക്കാരനാണ് ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകള്‍ മാറ്റിനല്‍കുന്ന മന്ത്രവാദിയെ കുറിച്ച് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് നോട്ടുകളുമായി ഇറങ്ങിയതെന്ന് സുല്‍ത്താന്‍ ചോദ്യംചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു.
ഒരാള്‍ മൊറീനയില്‍ നിന്ന് മോട്ടോർ സൈക്കിളിൽ കറുത്ത ബാഗ് നിറയെ പണവുമായി ഗ്വാളിയോറിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് പരിശോധന നടത്തിയതെന്ന് അഡീഷണല്‍ എസ്പി ഹൃഷികേശ് മീണ വിശദീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 12 കെട്ടുകളും 1000 രൂപയുടെ 41 കെട്ടുകളും പിടികൂടി. സുല്‍ത്താന്റെ കൂട്ടാളിയായ ജിതേന്ദ്ര ബദൗരിയയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പറഞ്ഞ മന്ത്രവാദിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലുടനീളം പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്. അതിനിടെയാണ് 2016 നവംബർ 8 ന് അസാധുവാക്കിയ കറന്‍സി നോട്ടുകളുമായി യുവാവ് പിടിയിലായത്. നോട്ട് മാറ്റിക്കിട്ടുമോ എന്ന് ചോദിച്ച് തന്നെ ഒരാള്‍ സമീപിച്ചു എന്നാണ് യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. ഈ മറുപടി പൊലീസിന് തൃപ്തികരമായി തോന്നിയില്ല. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Oct 25, 2023, 3:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]