കൊച്ചി: കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോറി’ൽ കാർ പിടിച്ചെടുത്ത സംഭവത്തിൽ വിശദീകരണവുമായി മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലെ പരസ്യം കണ്ടാണ് താൻ വാഹനം വാങ്ങിയതെന്നും എന്നാൽ ഇടനിലക്കാർ രേഖകളിൽ കൃത്രിമം കാണിച്ച് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും മാഹിൻ അൻസാരി പറഞ്ഞു.
ഇതിലൂടെ തനിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഒന്നര വർഷം മുൻപ് വാഹനം ലഭിച്ചപ്പോൾ തന്നെ സംശയം തോന്നിയിരുന്നു.
രേഖകളിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത് ഇന്ത്യൻ വാഹനമല്ലെന്ന് വ്യക്തമായത്. ആർസി ബുക്കിൽ കറുപ്പ് നിറമാണെങ്കിലും താൻ വാഹനത്തിന്റെ നിറം മാറ്റിയിട്ടില്ല.
പിന്നീട് വാഹനം നൽകിയവരെ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും കേരള രജിസ്ട്രേഷനായുള്ള രേഖകൾക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം കൈമാറിയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് നൽകിയിട്ടുണ്ടെന്നും മാഹിൻ വ്യക്തമാക്കി.
ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാഹിൻ അൻസാരി. ഭൂട്ടാനിൽ നിന്നെത്തിച്ച ലാൻഡ് ക്രൂയിസർ വാഹനത്തിന്റെ ആദ്യ ഉടമയെന്ന് കസ്റ്റംസ് സംശയിക്കുന്ന മാഹിൻ, ഇതുമായി ബന്ധപ്പെട്ട
രേഖകളുമായാണ് എത്തിയത്. സംസ്ഥാനത്ത് മാത്രം നൂറ്റിയൻപതിലധികം കാറുകൾ നികുതി വെട്ടിച്ച് എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
എന്നാൽ ഭൂരിഭാഗം വാഹനങ്ങളും ഉടമകളെയും കണ്ടെത്താനായിട്ടില്ല. നിലവിൽ 38 വാഹനങ്ങളുടെ വിവരങ്ങൾ മാത്രമാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ളത്.
റെയ്ഡ് സംബന്ധിച്ച വിവരം ഒരാഴ്ച മുൻപേ ചോർന്നെന്നും ഇതേത്തുടർന്ന് വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചെന്നും കസ്റ്റംസ് സംശയിക്കുന്നു. വാഹനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സഹായം തേടിയിട്ടുണ്ട്.
നിയമപരമായാണ് വാഹനം സ്വന്തമാക്കിയത്; ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ അതേസമയം, ‘ഓപ്പറേഷൻ നുംഖോറി’ന്റെ ഭാഗമായി തന്റെ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ നിയമങ്ങളും പാലിച്ചാണ് വാഹനം വാങ്ങിയതെന്നും രേഖകൾ പരിശോധിക്കാതെ മുൻവിധിയോടെയാണ് കസ്റ്റംസ് നടപടിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഭൂട്ടാൻ വഴി കടത്തി കസ്റ്റംസ് തീരുവ വെട്ടിച്ചു എന്നാരോപിച്ചാണ് ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ പിടിച്ചെടുത്തത്. കേസിൽ നടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
വാഹനത്തിന്റെ ഇൻവോയ്സ് ഉൾപ്പെടെയുള്ള രേഖകൾ പ്രതിനിധികൾ കൈമാറിയിട്ടും ഉദ്യോഗസ്ഥർ അത് പരിശോധിക്കാൻ തയ്യാറാവാതെയാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്ന് ദുൽഖർ ആരോപിച്ചു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കസ്റ്റംസ് തീരുവ അടച്ചാണ് വാഹനം വാങ്ങിയതെന്ന് നടൻ വ്യക്തമാക്കുന്നു.
ദുൽഖറിന്റെ രണ്ട് ലാൻഡ് റോവർ, രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ളത്. ഇതിൽ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റഡിയിലെടുത്ത നടപടി റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.
വാഹനം കസ്റ്റഡിയിൽ തുടരുന്നത് കേടുപാടുകൾക്ക് ഇടയാക്കുമെന്നും നിയമപരമായി പണം നൽകി വാങ്ങിയ വാഹനം വിട്ടുനൽകണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച കോടതി, കസ്റ്റംസിനോട് വിശദീകരണം തേടി.
കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]