റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന് പകരമായി, അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടു. ഇന്ത്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ചകളില്‍ ഈ വിഷയം ശക്തമായി ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.
യുഎസ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിനിധി സംഘം അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകളില്‍ ഈ ആവശ്യം ആവര്‍ത്തിച്ചു. പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളായ റഷ്യ, ഇറാന്, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണവിതരണം ഒരേസമയം നിലയ്ക്കുന്നത് ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമാകുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
റഷ്യയുമായുള്ള എണ്ണ ഇടപാടുകളുടെ പേരില്‍ ഇന്ത്യയ്ക്കെതിരെ യുഎസ് കടുത്ത താരിഫ് ചുമത്തിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ സംഘം ചര്‍ച്ചകള്‍ക്കായി അമേരിക്കയിലെത്തിയത്. അതേസമയം, ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇപ്പോഴും തുടരുകയാണ്.
രാജ്യത്തിന്റെ മൊത്തം എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക്, കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന റഷ്യന്‍ എണ്ണ ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്. യുക്രെയ്ന് യുദ്ധത്തിന് പിന്നാലെ പല രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് റഷ്യ വില കുറച്ച് എണ്ണ വില്ക്കാന് നിര്‍ബന്ധിതരായത്.
ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും സമാനമായ വിലക്കിഴിവില്‍ എണ്ണ ലഭ്യമാക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം, റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ടെങ്കിലും, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യന്‍ റിഫൈനറികളുടെ തീരുമാനം.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ഇറക്കുമതിയില്‍ പ്രതിദിനം 1,50,000 മുതല്‍ 3,00,000 ബാരല്‍ വരെ (10-20%) വര്‍ധനയുണ്ടായേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]