തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പി.വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് രംഗത്ത്. അന്‍വര്‍ പറഞ്ഞതെല്ലാം രാഷ്ട്രീയമായി യാഥാര്‍ത്ഥ്യങ്ങളാണെന്ന് സുധാകരന് പറഞ്ഞു. അന്‍വറിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. അതേസമയം അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്ന കാര്യത്തില്‍ താന്‍ മാത്രമല്ല ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
അന്‍വറിനെ കോണ്‍ഗ്രസ് സംരക്ഷിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തെ ആ നിലയ്ക്ക് ആക്രമിക്കാന്‍ സിപിഎം തയ്യാറെടുക്കുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ ജില്ലയിലും മണ്ഡലത്തിലും നല്ല പിന്തുണ സി.പി.എമ്മില്‍ തന്നെയുണ്ട്. ഇന്നലെയുണ്ട്, ഇന്നുമുണ്ട്, നാളെയുമവര്‍ ഉണ്ടാവും. സംരക്ഷണം കൊടുക്കാന്‍ അദ്ദേഹത്തിന്റേതായ അണികളുണ്ട്. അതിനപ്പുറത്ത് എന്തെങ്കിലും സഹായംവേണമെങ്കില്‍ ഞങ്ങളൊക്കെ ചെയ്യും എന്നായിരുന്നു സുധാകരന്റെ മറുപടി.
കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ഇന്ന് നടക്കുന്ന സംഭവങ്ങളുടെ ഏകദേശ രൂപമാണ് അന്‍വര്‍ അവതരിപ്പിച്ചത്. എല്‍.ഡി.എഫിന്റെ ഗുണം പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്, ദോഷം പറയേണ്ടിടത്ത് അതും പറഞ്ഞിട്ടുണ്ട്. കേവലമൊരു പത്രസമ്മേളനമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയതീരുമാനം പറയാനുള്ള വേദിയായാണ് അന്‍വര്‍ അത് ഉപയോഗിച്ചതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. അന്‍വറിനെ കോണ്‍ഗ്രസിലേക്ക് എടുക്കുന്ന കാര്യം പാര്‍ട്ടിയുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളൂവെന്നും സുധാകരന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന പിണറായി തന്നെ ചതിച്ചുവെന്നും നൂറില്‍ നിന്ന് ഗ്രാഫ് പൂജ്യത്തിലേക്ക് പോയെന്നും അന്‍വര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി സംവിധാനത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞിരുന്നു.