
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാനുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ മകള്‍ ആശ ലോറൻസ് നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. മതാചാരപ്രകാരം സംസ്കരിക്കണമെന്ന മൂത്ത സഹോദരി സുജാതയുടെ നിലപാട് കോടതിയിൽ ചൂണ്ടിക്കാട്ടും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ ഹിയറിംഗ് നിയമപ്രകാരമായിരുന്നില്ലെന്നും ആശ ലോറൻസ് ഹർജിയിൽ വാദം ഉന്നയിക്കും. നാളെ ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്യുമെന്നാണ് സൂചന.
നേരത്തെ, എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാൻ തീരുമാനമെടുത്ത സുജാത ഇന്നലെ മെഡിക്കൽ കോളേജ് കമ്മിറ്റിക്ക് മുൻപാകെ രേഖാമൂലം തീരുമാനമൊന്നും അറിയിച്ചിരുന്നില്ല. എന്നാൽ വിഷയം കുടുംബപ്രശ്നമായതോടെ മതാചാരപ്രകാരം സംസ്കരിക്കാൻ താത്പര്യപ്പെടുന്നതായി വാക്കാൽ കമ്മിറ്റി മുൻപാകെ അറിയിച്ചിരുന്നു. രേഖാമൂലം ഇത് എഴുതി നൽകിയില്ല. രോഗബാധിതനായ സമയത്ത് മതാചാരപ്രകാരം സംസ്കാരം നടത്താൻ ലോറൻസ് ആഗ്രഹിച്ചുവെന്നും ഇത് തെളിയിക്കുന്ന ഓഡിയോ റെക്കോർഡും ഉണ്ടെന്നും സുജാത സൂചിപ്പിച്ചു. എന്നാൽ അത് പിന്നീട് നഷ്ടപ്പെട്ടുവെന്നും സുജാത അറിയിച്ചു. മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകണമെന്നായിരുന്നു ലോറൻസിന്റെ ആഗ്രഹമെന്ന മൂത്ത മകൻ സജീവന്റെ മൊഴിയും ഇത് സാധൂകരിക്കുന്ന രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് മൃതദേഹം വൈദ്യപഠനത്തിന് നൽകുന്നതെന്നാണ് മെഡിക്കൽ കോളേജ് തീരുമാനം അറിയിച്ചതെന്നും ആശ ലോറൻസ് പറയുന്നു.
ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]