
ഫാഷൻ രംഗത്ത് പുത്തൻ ട്രെൻഡുമായി ഇടുക്കിക്കാരി സൗമ്യ. ‘ഇലപച്ച’ എന്ന ബ്രാൻഡിലൂടെ ഇലകളുടെയും പൂക്കളുടെയും കറകളിൽ നിന്ന് വ്യത്യസ്ത ഡിസൈനുകളിലുള്ള വസ്ത്രങ്ങളൊരുക്കുകയാണ് ഈ മൂപ്പത്തിമൂന്നുകാരി.
ഒരുപക്ഷേ കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കാം ഇത്തരത്തിലൊരു എക്കോ പ്രിന്റ് ബ്രാൻഡ്. ഒരു ഡിസൈനിൽ ഒരു വസ്ത്രം മാത്രമേ തയ്യാറാക്കാൻ സാധിക്കുകയുള്ളൂവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ‘ഇലപച്ച’യെക്കുറിച്ച് സൗമ്യ കേരള കൗമുദി ഓൺലൈനിനോട് വെളിപ്പെടുത്തുന്നു.
ഇലകളിൽ നിന്ന് വസ്ത്രങ്ങൾ
രണ്ട് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രക്രിയയിലൂടെയാണ് ഇങ്ങനെയൊരു റിസൽട്ട് കിട്ടുന്നത്. തുണിയിൽ ഇലയുടെയും പൂക്കളുടെയും കളർ പിടിക്കാനായിട്ട് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്. തുണി കഴുകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഇതിൽപ്പെടും. അതിനുശേഷം ശേഖരിച്ച ഇലകളോ, പൂക്കളോ ഒക്കെ തുണിയിൽ നിരത്തിവച്ച്, അതിനുമുകളിൽ പ്ലാസ്റ്റിക് ഇട്ട് റോൾ ചെയ്യും. ശേഷം നന്നായി കെട്ടി ആവിയിൽ വേവിക്കുകയാണ് ചെയ്യുന്നത്.
മൂന്ന് മുതൽ നാല് മണിക്കൂർ വരെ ആവിയിൽ വേവിക്കണം. ഇനി ഇരുപത്തിനാല് മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വരെ മാറ്റിവയ്ക്കുക. ശേഷം തുറന്നുനോക്കുമ്പോൾ ഡിസൈൻ ലഭിച്ചുകാണും.
തേക്കിന്റെ ഇല മുതൽ ഡാലിയ വരെ
എക്കോ പ്രിന്റ് ചെയ്യാൻ വളരെ കുറച്ച് ഇലകളാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. തേക്കിന്റെ ഇലയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പിന്നെ കാറ്റാടി ഇലകൾ, നിലഗിരി എന്നൊരു ചെടിയുടെ ഇലകൾ, കോസ്മസ് ഫ്ളവറിന്റെ ഇലകൾ അങ്ങനെ കുറച്ചെണ്ണമേയുള്ളൂ. എല്ലാ ഇലകളിൽ നിന്നും കളർ കിട്ടില്ല. അതായത് ആയിരം ചെടിയുണ്ടെങ്കിൽ അതിൽ ചിലപ്പോൾ ഒരു ചെടിയുടെ ഇലയായിരിക്കും കളർ ട്രാൻസ്ഫർ ചെയ്യുന്നത്.
ഡാലിയ, ജമന്തി, കോസ്മസ് അങ്ങനെ വളരെ കുറച്ച് പൂക്കളാണ് നിലവിൽ ഉപയോഗിക്കുന്നത്. പുതിയത് കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പൂക്കളും ഇലയുമല്ലാതെ നാച്വറലായിട്ടുള്ള ഇൻഡിഗോ പോലുള്ള ഡൈയിംഗ് സാധനങ്ങൾ ഉപയോഗിക്കാറുണ്ട്.
ആശയത്തിലേക്ക് എത്തിയത്
ഞാൻ എം എഫ് എയാണ് (മാസ്റ്റർ ഒഫ് ഫൈൻ ആർട്സ്) കഴിഞ്ഞത്. ആർട്ടിസ്റ്റാണ്. വരയ്ക്കൽ പരിപാടിയാണ് പ്രധാനമായും ചെയ്തിരുന്നത്. തുണികളിലേക്കും വരച്ചിരുന്നു. അത് ഞാൻ വിൽപ്പന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 2016 സമയത്താണ് എനിക്ക് ഇങ്ങനെയൊരു ചിന്ത വരുന്നത്.
ഇലയുടെ കളർ അതേപോലെ തന്നെ തുണിയിൽ ലഭിക്കുമെന്നായിരുന്നു അന്ന് കരുതിയത്. ഗൂഗിളിൽ തപ്പിയപ്പോൾ എക്കോ പ്രിന്റിംഗ് എന്നൊരു സംഭവം ഉണ്ടെന്ന് മനസിലായി. ഇവിടെയൊന്നും അങ്ങനെ ആരും ചെയ്യുന്നില്ല. പഠിക്കാനുള്ള ഒരു മാർഗം ഇല്ല.
View this post on Instagram
വിദേശികളൊക്കെയാണ് കൂടുതലും ചെയ്യുന്നത്. അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ ആരും അവരുടെ സീക്രട്ടുകൾ പങ്കുവയ്ക്കാൻ തയ്യാറായില്ല. എനിക്കാണെങ്കിൽ പഠിക്കണമെന്ന് വലിയ ആഗ്രഹവുമായിരുന്നു. പിന്നെ പതിയെ പതിയെ ട്രൈ ചെയ്തു. ഗൂഗിളൊക്കെ ചെയ്ത് നോട്ടുണ്ടാക്കാൻ തുടങ്ങി. എല്ലാം പുതിയ വാക്കുകളും കാര്യങ്ങളും. അതിൽ നിന്ന് എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന ഐഡിയ കിട്ടി. അങ്ങനെ ഓരോന്നായി ട്രൈ ചെയ്തു. ചിലതൊക്കെ പാളിപ്പോയി. പതിയെപ്പതിയെ പ്രിന്റുകൾ കിട്ടാൻ തുടങ്ങി. പല പരീക്ഷണങ്ങളും ചെയ്തു. 2023 ആയപ്പോഴാണ് നല്ല പ്രിന്റുകൾ ലഭിച്ചുതുടങ്ങിയത്.
ലോകത്ത് മറ്റാർക്കും ഉണ്ടാക്കാൻ പറ്റില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരു ഡിസൈനിലുള്ള ഒരു വസ്ത്രം മാത്രമേ ലഭിക്കൂ. ലോകത്ത് മറ്റാർക്കും ഇത് റിക്രീയേറ്റ് ചെയ്യാൻ സാധിക്കില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരേ ഇലയും മെറ്റീരിയലുമൊക്കെ ഉപയോഗിച്ചാലും അതേ സ്ഥലത്ത് തന്നെ ഡിസൈൻസ് വരണമെന്നില്ല.
എഴുപത് അല്ലെങ്കിൽ എൺപത് ശതമാനം ഒരേ സ്ഥലത്ത് ഇലകളൊക്കെ പ്ലെയിസ് ചെയ്താലും പ്രിന്റ് വരുന്നത് പഴയപോലെയാകില്ല. കാരണം എങ്ങനെയാണ് പ്രിന്റ് ലഭിക്കേണ്ടതെന്ന് ഇലയാണ് തീരുമാനിക്കുന്നത്. നമ്മൾ എത്ര അറേഞ്ച് ചെയ്ത് വച്ചാലും ആ രീതിയിലുള്ള റിസൽട്ടൊന്നും ആയിരിക്കില്ല ഇത് തുറക്കുമ്പോൾ ലഭിക്കുക. അവിടെ നമുക്കൊന്നും ചെയ്യാനില്ല. റിസൽട്ട് നമ്മുടെ കൈയിലല്ല. വെള്ളത്തിന്റെ പിഎച്ച് ലെവൽ, ഹീറ്റ്, തുണിയുടെ ക്വാളിറ്റി തുടങ്ങി ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ് റിസൽട്ട് ഇരിക്കുന്നത്.
വിൽപ്പന തുടങ്ങിയിട്ട് ഏകദേശം ആറ് മാസമായിട്ടേയുള്ളൂ. അതിനുമുമ്പേ ഉണ്ടാക്കിക്കൂട്ടുകയായിരുന്നു. രാവും പകലുമില്ലാതെ ഇതിന്റെ പിറകെ നടക്കാൻ നിനക്ക് ഭ്രാന്താണോയെന്ന് വീട്ടുകാരും നാട്ടുകാരുമൊക്കെ ചോദിച്ചു. പക്ഷേ എനിക്ക് ഇതിനോളം ഇഷ്ടമുള്ള വേറൊരു പരിപാടിയില്ലാതായി.
ആവിയിൽ പുഴുങ്ങിയെടുത്തതിന് ശേഷം 48 മണിക്കൂറോളം വയ്ക്കുന്നുണ്ട്. ഈയൊരു കാത്തിരിപ്പ് വളരെ വലുതാണ്. റിസൽട്ട് എങ്ങനെയാണെന്നൊരു കൗതുകമുണ്ടല്ലോ. കെട്ട് തുറക്കുമ്പോൾ ഭയങ്കര കളർഫുള്ളായിരിക്കും. പിന്നെ അത് കഴുകുമ്പോൾ കുറേ കളർ പോകും. ഉണങ്ങിക്കഴിയുമ്പോൾ വേറൊരു കളറായിരിക്കും. അത് തേച്ചെടുക്കുമ്പോഴാണ് യഥാർത്ഥ കളറിലേക്ക് എത്തുന്നത്.
View this post on Instagram
കോട്ടൻ തുണിയൊക്കെ ഒന്നോ രണ്ടോ തവണ അലക്കുമ്പോൾ കളർ കുറച്ച് പോകില്ലേ. അത്രയേ ഇതിന്റെയും പോകത്തുള്ളൂ. പിന്നെ പോകില്ല. സാരിക്ക് 4000 രൂപ മുതലാണ് ആരംഭിക്കുന്നത്. ഏറ്റവും വില കുറഞ്ഞത് ലേഡീസ് സ്റ്റോൾസ് ആണ്. 399 രൂപ മുതലാണ് കൊടുക്കുന്നത്.
ഓൺലൈൻ വഴിയാണ് വിൽപന. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഒരുപാട് ഓഡറുകളുണ്ട്. ഇത്രപെട്ടന്ന് ആളുകൾ ഏറ്റെടുക്കുമെന്ന് ഞാൻ തീരെ വിചാരിച്ചിരുന്നില്ല. ഇതെന്താണെന്നറിയാനുള്ള കൗതുകമായിരുന്നു അവർക്ക്. വാങ്ങിയവർ തന്നെ പിന്നെയും വാങ്ങുമ്പോൾ സന്തോഷമുണ്ട്. തോമസിന്റെയും ത്രേസ്യാമ്മയുടെയും മകളാണ് സൗമ്യ.