
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം സംസ്ഥാനത്തെ പൊലീസ് സംവിധാനം തകർത്തതിൻ്റെ പരിണിത ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് വിഡി സതീശൻ. ഡിജിപി പറഞ്ഞാൽ എഡിജിപിയും ഐജിമാരും ഡിഐജിമാരും പറഞ്ഞാൽ എസ്പി മാരും അനുസരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പരിപൂർണ പിന്തുണ എഡിജിപി എംആർ അജിത്ത് കുമാറിനും പി ശശിക്കുമാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്നും അതാണ് ഈ കരുതലിന് കാരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
തൃശ്ശൂർ പൂരം കലക്കാൻ ബ്ലൂ പ്രിന്റ് ഇറക്കിയ ഉദ്യോഗസ്ഥനാണ് അന്വേഷിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയത്. അല്ലെങ്കിൽ ഇതുപോലെ എഡിജിപിയെ സംരക്ഷിക്കുമോ? മുഖ്യമന്ത്രിക്ക് എന്തൊരു കരുതലാണ് എഡിജിപിയോട്. നാല് അന്വേഷണം നടക്കുമ്പോഴും എഡിജിപി ക്രമസമാധാന ചുമതലയിൽ തുടരുകയാണ്. എഡിജിപി കോൺഫിഡൻഷ്യൽ റിപ്പോർട്ട് തയ്യാറാക്കേണ്ട കീഴുദ്യോഗസ്ഥരാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നതെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
ഡിജിപി പറഞ്ഞാൽ എഡിജിപി കേൾക്കില്ല, അതിന് താഴെയുള്ള ഉദ്യോഗസ്ഥർ പറഞ്ഞാൽ എസ്പി കേൾക്കില്ല എന്ന സ്ഥിതിയാണ് കേരളത്തിലെ പൊലീസിൽ. മുഖ്യമന്ത്രിയുടെ ഉപജാപക സംഘം പൊലീസ് ഹൈറാർക്കി തകർത്തു. അതിൻ്റെ പരിണിത ഫലമായാണ് പൊലീസ് ഇപ്പോൾ ഇങ്ങനെ പരിതാപകരമായി നിൽക്കുന്നത്. പിവി അൻവറിൻ്റെ പകുതി പരാതിയിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അൻവറുമായി ബന്ധപ്പെട്ടത് ഇടതുമുന്നണിയിലെ ആഭ്യന്തര കാര്യമാണ്. അദ്ദേഹത്തെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്ന കാര്യം തങ്ങൾ ചർച്ച ചെയ്തിട്ടില്ല. പി ശശിക്കും എഡിജിപിക്കും ഒപ്പമാണെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രിക്ക് അൻവറിനേക്കാൾ വലുത് അവരാണ്. പ്രശ്നം അവരുടെ പാർട്ടിയിലെ ആഭ്യന്തര കാര്യമായതിനാൽ കൂടുതൽ പറയുന്നില്ല. അൻവർ ഇടതുപാളയം വിടുമോയെന്നത് തനിക്ക് അറിയില്ലെന്നും വിഡി സതീശൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]