
കുഞ്ഞുങ്ങൾ വായിക്കുന്നില്ല, എഴുതുന്നില്ല, അവർ മൊബൈൽഫോണിൽ അല്ലാതെ പുറംലോകത്തെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല എന്ന് തുടങ്ങി അനേകം പരാതികളും പരിഭവങ്ങളും നാം പറയാറുണ്ട്. എന്നാൽ, കുഞ്ഞുങ്ങളെന്തായാലും കുഞ്ഞുങ്ങളല്ലേ? ആ കൗതുകം അവരിൽ എപ്പോഴും കാണും. അവരീ ലോകത്തെ കാണുന്നത് പോലും ചിലപ്പോൾ നമ്മൾ കാണുന്നത് പോലെയാവണമെന്നില്ല. അതുപോലെ, തങ്ങളുടെ ചിന്തകളും സങ്കല്പങ്ങളും അനുഭവങ്ങളും സ്വപ്നങ്ങളുമെല്ലാം സുന്ദരമായ ഭാഷയിൽ പകർത്തി വയ്ക്കുന്ന കുട്ടികളുമുണ്ട്. സംശയമുണ്ടോ? ഇതോ ഈ ആറാം ക്ലാസുകാരന്റെ ഉത്തരക്കടലാസിലെ മഴയനുഭവം വായിച്ചാൽ മതി.
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ് ഈ ആറാം ക്ലാസുകാരന്റെ കുറിപ്പ്. മഴയനുഭവം എഴുതാനുള്ള ചോദ്യത്തിനാണ് മനോഹരമായ ഭാഷയിൽ അവൻ ഉത്തരമെഴുതിയിരിക്കുന്നത്. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരി എസ് എഴുതിയ മഴയനുഭവം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത് അവന്റെ അമ്മയായ നീതു വത്സൻ തന്നെയാണ്. ആ അനുഭവത്തിന്റെ തുടക്കം തന്നെ, ‘മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്’ എന്നാണ്.
‘ആറാം ക്ലാസ്സിലെ മലയാളം ഓണപ്പരീക്ഷയ്ക്ക് മഴയനുഭവം വിവരിക്കാനോ മറ്റോ ഒരു ചോദ്യം ഉണ്ടായിരുന്നു. ഇന്ന് പരീക്ഷയുടെ ഉത്തരക്കടലാസ് കിട്ടി. കുഞ്ഞൻ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ സന്തോഷം തോന്നി’ എന്ന് പറഞ്ഞുകൊണ്ടാണ് നീതു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഒരുപാട് പേരാണ് ഈ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും.
കുറിപ്പ് വായിക്കാം:
ആറാം ക്ലാസ്സിലെ മലയാളം ഓണപ്പരീക്ഷയ്ക്ക് മഴയനുഭവം വിവരിക്കാനോ മറ്റോ ഒരു ചോദ്യം ഉണ്ടായിരുന്നു. ഇന്ന് പരീക്ഷയുടെ ഉത്തരക്കടലാസ് കിട്ടി. കുഞ്ഞൻ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ സന്തോഷം തോന്നി.
മഴത്തുള്ളികളിലെ കപ്പൽ യാത്ര
“മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്. മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരയ്ക്ക് അഴുക്കിൽ നിന്ന് മുക്തി ലഭിച്ചു. കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല ഈ മഴ. ഞാൻ അമ്മുമ്മയുടെ അടുത്ത് ചെന്നു. പച്ചത്തവളയുടെ ശാസ്ത്രീയ സംഗീതം തൊടിയിൽ തൂകി നിൽക്കുന്നുണ്ടായിരുന്നു. ബുക്കിന്റെ പേജുകളെ ഞാൻ കൂട്ടുകാരിൽ നിന്ന് വേർപെടുത്തി. അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പൽ ആവശ്യപ്പെട്ടു. പേപ്പർ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി. ഇതാ! എന്റെ കടലാസ് കപ്പൽ സാഹസത്തിനു തയ്യാറായി. എന്റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പിൽ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാൻ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാൽ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാൻ എന്റെ കപ്പലിനെ അയച്ചു. മഴയുടെ ശക്തി കൂടി. അടുത്തദിവസം പറമ്പിൽ മഴ കൊണ്ട് നിര്യാതരായ എന്റെ കപ്പിത്താൻമാർക്കും തകർന്നുപോയ എന്റെ കപ്പലിനും ഞാൻ ഒരു സല്യൂട്ട് കൊടുത്തു.”
ശ്രീഹരി എസ്
6B, ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, നോർത്ത് പറവൂർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]