
കാലിഫോര്‍ണിയ: ശാസ്ത്രലോകത്തിന്റെ വലിയ കൗതുകങ്ങളിലൊന്നാണ് ചൊവ്വാഗ്രഹത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുക എന്നത്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 2020ല്‍ ചൊവ്വയിലേക്ക് അയച്ച പെർസിവറൻസ് പേടകമിപ്പോള്‍ ചൊവ്വയില്‍ നിന്ന് ഒരു അത്ഭുത കല്ല് കണ്ടെത്തിയിരിക്കുകയാണ്. സീബ്രയുടെ നിറങ്ങള്‍ പോലെ വെള്ളയും കറുപ്പും വരകളുള്ള ഈ പാറയെ കുറിച്ച് നാസ ബ്ലോഗ് പോസ്റ്റിലൂടെ അനുമാനങ്ങള്‍ വിശദീകരിച്ചു.
നാസയുടെ പെർസിവറൻസ് റോവര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13ന് ചൊവ്വ ഗ്രഹത്തില്‍ നിന്ന് അത്യാകര്‍ഷകമായൊരു പാറയെ പകര്‍ത്തിയിരിക്കുകയാണ്. റോവറിലെ Mastcam-Z ക്യാമറയാണ് ചിത്രം പകര്‍ത്തിയത്. ‘ഫ്രേയ കാസില്‍’ (Freya Castle) എന്നാണ് ഈ പാറയ്ക്ക് നല്‍കിയിരിക്കുന്ന പേര്. 20 സെന്റീമീറ്ററാണ് കല്ലിന്റെ ചുറ്റളവ്. ചൊവ്വയിലെ ബെഡ്റോക്കുകളില് നിന്ന് ഏറെ വ്യത്യസ്തമാണ് ഇത്. ഇത്തരമൊരു പാറ ആദ്യമായാണ് കണ്ടെത്തുന്നത് എന്ന് നാസ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഈ പാറയുടെ രാസഘടന എന്താണ് എന്ന കാര്യത്തില്‍ നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് പരിമിതമായ നിഗമനങ്ങള്‍ മാത്രമേയുള്ളൂ. താപഫലമോ കാലങ്ങള്‍നീണ്ട രൂപാന്തീകരണ പ്രക്രിയയാവാം ഈ പാറയുടെ രൂപം വിചിത്രമാകാന്‍ കാരണം എന്ന് നാസ അനുമാനിക്കുന്നു. ഫ്രേയ കാസില്‍ കണ്ടെത്തിയത് ചൊവ്വയില്‍ നിന്ന് കൂടുതല്‍ വ്യത്യസ്തമായ പാറകള്‍ കണ്ടെടുക്കാന്‍ പ്രചോദനമാകുമെന്നാണ് നാസയുടെ പ്രതീക്ഷ.
2021 ഫെബ്രുവരിയിലാണ് പെർസിവറൻസ് റോവര്‍ ചൊവ്വയിലെ സിർട്ടിസ് മേജർ ക്വാഡ്രാങ്കിളിൽ സ്ഥിതി ചെയ്യുന്ന ജെസെറോ ഗർത്തത്തില്‍ ലാന്‍ഡ് ചെയ്തത്. 49 കിലോമീറ്ററാണ് ഈ ഗര്‍ത്തത്തിന്റെ വ്യാസം. ചൊവ്വയുടെ ഭൂതകാലത്തെ കുറിച്ചും മനുഷ്യവാസ സാധ്യതകളെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാനാണ് ഈ റോവറിനെ അയച്ചത്. ജെസെറോ ഗർത്തത്തിലെ ചരിഞ്ഞ പ്രതലത്തിലൂടെ സാഹസികമായി സഞ്ചരിച്ചാണ് സീബ്രയുടെ നിറത്തിലുള്ള കല്ല് പെർസിവറൻസ് റോവര്‍ കണ്ടെത്തിയത്. ഇവിടെ നിന്നുള്ള കല്ലുകള്‍, മണ്ണ് എന്നിവയെ റോവര്‍ നിരീക്ഷിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]