
മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമില്‍ ടെസ്റ്റ് പരമ്പരയില്‍ കളിച്ച റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. മലയാളി താരം സഞ്ജു സാംസണെ ടി20 പരമ്പരയില്‍ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുമെന്നാണ് കരുതുന്നത്.
ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റും ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റും ഉള്‍പ്പെടെ എട്ട് ടെസ്റ്റുകളിലാണ് ഇന്ത്യ വരും മാസങ്ങളില്‍ കളിക്കേണ്ടത്. ഇത് കണക്കിലെടുത്താണ് പന്തിനും ശുഭ്മാന്‍ ഗില്ലിനും വിശ്രമം അനുവദിക്കുന്നതെന്നാണ് കരുതുന്നത്. റിഷഭ് പന്തിനും ശുഭ്മാന്‍ ഗില്ലിനും പുറമെ പേസര്‍ ജസ്പ്രീത് ബുമ്രക്കും ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും.
86 ഫോർ, ഏഴ് സിക്സറുകൾ, അടിച്ചെടുത്തത് 320 പന്തിൽ 498 റൺസ്; സ്കൂൾ ക്രിക്കറ്റിൽ വിസ്മയിപ്പിച്ച് 18കാരൻ
ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായ ഇഷാന് കിഷനെയും ധ്രുവ് ജുറെലിനെയും ഉള്‍പ്പെടുത്തിയെങ്കിലും ദുലീപ് ട്രോഫിയില്‍ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുക്കാനായാണെന്നാണ് കരുതുന്നത്. ശ്രീലങ്കക്കെതിരെ അവസാനം കളിച്ച രണ്ട് ടി20 മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും സഞ്ജുവിന് ഒരു അവസരം കൂടി നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം.
സഞ്ജുവിന് പുറമെ സിംബാബ്വെക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ഓപ്പണര്‍ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവരെയും ടി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കും. ആദ്യ ടി20യില്‍ അഭിഷേക് ശര്‍മക്കൊപ്പം യശസ്വി ജയ്സ്വാള്‍ ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നത്. ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീം ക്യാപ്റ്റനായ റുതുരാജ് ഗെയ്ക്വാദിന് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവസരമുണ്ടാകില്ലെങ്കിലും അവസാന രണ്ട് കളികളില്‍ യശസ്വി ജയ്സ്വാളിന് വിശ്രമം നല്കി റുതുരാജിനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
പോകുന്നിടത്തെല്ലാം ഒളിംപിക് മെഡല്‍ കഴുത്തിലിടുന്നത് എന്തിനെന്ന് ട്രോളൻമാര്; മറുപടി നല്കി മനു ഭാക്കര്‍
റുതുരാജും ജയ്സ്വാളുമില്ലെങ്കില്‍ അഭിഷേകിനൊപ്പം സഞ്ജുവിനെ ഓപ്പണറായി പരിഗണിച്ചേക്കും. മധ്യനിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ടി20 ടീമില്‍ തിരിച്ചെത്തും. സിംബാബ്വെ പര്യടനത്തില്‍ ബാക്ക് അപ്പായിരുന്ന ഹര്‍ഷിത് റാണക്കും ടീമില്‍ അവസരം കിട്ടാനിടയുണ്ട്. അടുത്ത മാസം ആറിന് ഗ്വാളിയോറിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ അടുത്ത മാസം 16നാണ് ന്യൂസിലന്‍ഡിനെതരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]