
.news-body p a {width: auto;float: none;}
ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേൽ ആക്രമണങ്ങളെ കുറിച്ച് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ മുൻ സ്പെഷ്യൽ സെക്രട്ടറിയും നാഷണൽ സെക്യൂരിറ്റി ഇന്റലിജൻസ് സ്പെഷ്യലിസ്റ്റുമായ വപ്പാല ബാലചന്ദ്രൻ വിശകലനം ചെയ്യുന്നു.
—————————————————————————————————
സാധാരണ ജനങ്ങളെയും ലോകരാജ്യങ്ങളെയും വലിയ തോതിൽ ബുദ്ധിമുട്ടിലാക്കുന്ന യുദ്ധരീതിയാണ് ഇസ്രയേൽ തുടരുന്നത്. ഹിസ്ബുള്ളയെയും ഹമാസിനെയും തകർക്കുന്നതിനുള്ള നടപടികളിൽ ചെറിയ വിജയം നേടാനായെന്ന് ഇസ്രയേലിന് അവകാശപ്പെടാമെങ്കിലും ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക. സ്ഥിതി രൂക്ഷമായാൽ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയിലുമെത്തും.
ഇസ്രയേൽ നടത്തുന്നത് ആഭ്യന്തര തലത്തിൽ ഹിസ്ബുള്ളയ്ക്കെതിരായ നടപടിയെന്നാണ് പറയുന്നതെങ്കിലും ആയുധ വ്യാപാരരംഗത്തെ വലിയ ഇടപാടുകളാണ് നടക്കുന്നത്. ഇസ്രയേലിന് അമേരിക്ക പിന്തുണ നൽകുന്നതുപോലെ ഹിസ്ബുള്ളയ്ക്ക് ഇറാൻ പിന്തുണ നൽകുന്നുണ്ടെന്ന് മാത്രമല്ല, കോടിക്കണക്കിന് രൂപയുടെ ആയുധ ഇടപാടുകളും നടക്കുന്നുണ്ട്. ആദ്യമൊക്കെ റോക്കറ്റുകളാണ് ഇറാൻ നൽകിയിരുന്നതെങ്കിൽ വൻ പ്രഹരശേഷിയുള്ള ആയിരക്കണക്കിന് മിസൈലുകളാണ് ഇപ്പോൾ കൈമാറുന്നത്. ഇസ്രയേലിനെതിരേ ഹിസ്ബുള്ള അത് ഉപയോഗിക്കുന്നുമുണ്ട്. ലെബനനിൽ നടക്കുന്ന ആക്രമണം രൂക്ഷമായാൽ ഭാവിയിൽ ഇറാൻ നൽകിയതടക്കമുള്ള മാരകമായ ആയുധങ്ങളും ഉപയോഗിക്കുന്ന അവസ്ഥയുണ്ടാകും.
തടയിടാൻ കെൽപ്പുള്ളവരില്ല
മനുഷ്യജീവന് ഒരു വിലയും കല്പിക്കാത്ത കിരാതമായ ഈ നീക്കങ്ങളെ നിയന്ത്രിക്കാൻ ലോകരാജ്യങ്ങൾക്കിടയിൽ നിന്ന് ഒരു നടപടിയുമുണ്ടാകാത്തതാണ് പരിതാപകരം. നിലവിൽ ഇത്തരം ആക്രമണങ്ങൾ നിയന്ത്രിക്കാൻ ശക്തിയുള്ള രാജ്യം അമേരിക്കയാണ്. എന്നാൽ, ജോ ബൈഡന്റെ നേതൃത്വത്തിൽ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പറയാനാവില്ല. ഇനിയെന്തെങ്കിലും ചെയ്യുമെങ്കിൽ തന്നെ അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകാനിടയുള്ളൂ. ഇതിനായി പുതിയ പ്രസിഡന്റ് അധികാരത്തിൽ വരുന്ന അടുത്ത ജനുവരി വരെ കാത്തിരിക്കേണ്ടിവരും.
വിനാശകാരികളായ പട്ടാളം
ഇസ്രയേലിന്റെ പ്രതിരോധ സേനയുടെ ഘടനാരീതി തന്നെ വ്യത്യസ്തമാണ്. സൈനികപരിശീലനം നേടിയ നിരവധിയാളുകൾ ഫാക്ടറികളിലും കാർഷികരംഗത്തും മറ്റും ജോലിചെയ്യുന്ന രീതിയിൽ റിസർവ് വോളന്റിയറായി തുടരുന്നുണ്ട്. രണ്ട് മൂന്ന് വർഷം നിർബന്ധിത സൈനിക പരിശീലനം നേടിയ ഇവർ പ്രത്യക്ഷത്തിലുള്ള സൈന്യത്തേക്കാൾ അപകടകാരികളാണ്. വിഘടനവാദവും മതവാദവും വലിയ തോതിൽ പ്രചരിപ്പിച്ച് കടുത്ത തീവ്രവാദികളായി വളർത്തിയെടുക്കപ്പെട്ടവരാണവർ. ഇസ്രയേലിലെ 50 ശതമാനം ആളുകളും യുദ്ധത്തിന് എതിരാണെങ്കിലും ബാക്കിയുള്ളവർ സ്വന്തം മതത്തിന് വേണ്ടി എന്തും ചെയ്യും. പൊതുജനങ്ങളോട് ധാർമ്മികതയും കരുണയും ബാദ്ധ്യതയുമൊന്നും അവർക്കില്ല. യുദ്ധം തുടർന്നാൽ ഇവർ എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് മുൻകൂട്ടി പറയുക അസാദ്ധ്യമാണ്.
വ്യോമയാന രംഗത്തും ആശങ്ക
പേജറുകളിലും വോക്കി ടോക്കികളിലും സ്ഫോടന സാമഗ്രികൾ ഉൾപ്പെടുത്തി ഇസ്രയേൽ നടത്തിയ ആക്രമണം വ്യോമയാന ഗതാഗതത്തിലെ സുരക്ഷാ പ്രശ്നങ്ങളെ ഉത്കണ്ഠയിലാക്കിയിട്ടുണ്ട്. എങ്ങനെയാണ് അത് നടപ്പിലാക്കിയതെന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.ഹിസ്ബുള്ളയ്ക്ക് കൈമാറിയത് പോലെയുള്ള ഉപകരണങ്ങൾ മറ്റുള്ളവർക്കും കിട്ടിയിട്ടുണ്ടെങ്കിൽ അത് ഒരു എയർ ക്രാഫ്റ്റിനുള്ളിലോ മറ്റോ ആണിരിക്കുന്നതെങ്കിൽ എയർ ക്രാഫ്റ്റ് തന്നെയില്ലാതായെന്നുവരാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇപ്പോൾ ദ്രാവക രൂപത്തിലുള്ള സ്ഫോടന സാമഗ്രികളും ഭീകര സംഘടനകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ ആളുകൾ ഉപയോഗിക്കുന്ന പല സാമഗ്രികളിലും ഇത്തരം ആക്രമണ വസ്തുക്കൾ ഉൾപ്പെടുത്തുന്നതിനും പലരീതിയിൽ ദുരുപയോഗിക്കുന്നതിനും വഴിവെക്കും. ഇവ തടയുന്നതിന് അന്താരാഷ്ട്ര വ്യോമയാന തലത്തിൽ സ്വീകരിക്കുന്ന നടപടികളും പരിശോധനയും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുമുണ്ടാക്കും.