
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള സംസ്ഥാന എൻസിപിയിലെ തർക്കം പൊട്ടിത്തെറിയിലേക്ക്. മന്ത്രിമാറ്റത്തെ എതിർത്ത വൈസ് പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത പിസി ചാക്കോയുടെ നടപടിയെ എകെ ശശീന്ദ്രൻ പരസ്യമായി എതിർത്തു. ശശീന്ദ്രൻ പക്ഷെ ശരത് പവാറിന് കത്തും നൽകി. മന്ത്രിയെ മാറ്റുന്നതിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തർക്കം എൻസിപിയെ പിളർപ്പിലേക്കെത്തിക്കുമോ എന്നാണ് അറിയേണ്ടത്.
ശശീന്ദ്രനെ മാറ്റുന്നതിനെ എതിർത്ത് തൃശൂരിൽ യോഗം വിളിച്ച വൈസ് പ്രസിഡണ്ട് പികെ രാജൻ മാസ്റ്ററെ ചാക്കോ സസ്പെൻഡ് ചെയ്തിരുന്നു. വിമതയോഗം എന്ന നിലക്കുള്ള നടപടി ശശീന്ദ്രനെ അനുകൂലിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. പക്ഷെ ചാക്കോയുടെ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കിയാണ് ശശീന്ദ്രന്റെ മറുപടി.
സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചാക്കോക്ക് അയച്ച കത്ത് ശശീന്ദ്രൻ പരസ്യമാക്കിയതും പിന്നോട്ടില്ലെന്ന സന്ദേശം ൽകുന്നു. കാരണം കാണിക്കൽ നോട്ടീസ് പോലുമില്ലാതെ എടുത്ത നടപടിക്കെതിരെ ശശീന്ദ്രൻ പക്ഷം പവാറിന് കത്ത് നൽകി. നടപടി പിൻവലിച്ചില്ലെങ്കിൽ കടുപ്പിക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിൻറെ നീക്കം. ശശീന്ദ്രനെ മാറ്റാനുള്ള പിസി ചാക്കോയുടെയും തോമസ് കെ തോമസിൻറെയും നീക്കമാകട്ടെ ഇനിയും ഫലം കണ്ടിട്ടില്ല.
പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതിയിലാണ് സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനത്തിലേക്കെത്താനാണ് ധാരണ. പക്ഷെ കൂടിക്കാഴ്ച നീളുന്നു. ഇന്നലെ പിണറായി വിജയിന് തിരക്കായതിനാൽ ചർച്ച മാറ്റി. തോമസ് കെ തോമസിനെ കാബിനറ്റിലേക്ക് കൊണ്ടുവരുന്നതിനോട് മുഖ്യമന്ത്രി ഇപ്പോഴും അത്ര താല്പര്യം കാട്ടുന്നില്ല. മന്ത്രിസ്ഥാനം പാർട്ടിയുടെ ആഭ്യന്തരകാര്യമായിരിക്കെ മുഖ്യമന്ത്രിക്ക് അങ്ങിനെ നോ പറയാൻ ആകില്ലെന്നാണ് ചാക്കോയുടെ നിലപാട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇനി മൂന്നിനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]