10:10 AM IST:
പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കളളവോട്ട് ആരോപണം. സിപിഎം അനുകൂലികൾ കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം അനുകൂലികൾ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അമലും കള്ളവോട്ട് ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.
10:09 AM IST:
മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 17, 20 വയസുള്ള വിദ്യാർത്ഥികളെ കഴിഞ്ഞ ജൂലൈയിലാണ് കാണാതായത്. മെയ് തെ വിഭാഗക്കാരായ ഈ കുട്ടികൾ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നു. കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചെന്ന സ്ഥിരീകരണമായത്. ഹിജാം ലിന്തോയ്ഗാമ്പി ഫിജാം ഹെംജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്.
10:09 AM IST:
കോട്ടയം അയ്മനം കുടയംപടിയിലെ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ബാങ്കിന്റെ ഭീഷണിയെ തുടർന്നാണ് വ്യവസായി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. (50) ഇന്നലെ ഉച്ചയോടെയാണ് ആത്മഹത്യ ചെയ്തത്. കുടയംപടി ജങ്ഷനിൽ ചെരിപ്പ് കട നടത്തുകയായിരുന്നു ബിനു. കർണാടക ബാങ്കിലെ ജീവനക്കാരന്റെ ഭീഷണിയാണ് ബിനുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
10:08 AM IST:
സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ ലോൺ ആപ്പിന്റെ വായ്പാ കെണി. ഉയർന്ന തുകയുടെ ലോൺ എടുക്കാനാവശ്യപ്പെട്ടുള്ള ലോൺ ആപ്പിന്റെ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഓൺലൈൻ ലോൺആപ്പ് മാഫിയ സംഘം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തിരുവല്ല തുകലശ്ശേരി സ്വദേശി എസ്. അനിൽ കുമാർ ആണ് ഓൺലൈൻ വായ്പ കെണിയിൽ കുടുങ്ങിയത്. ഒന്നിലധികം തവണ അനിൽ ലോൺ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഉയർന്ന തുകയുടെ ഓഫർ നിരസിച്ചപ്പോഴാണ് മാഫിയ സംഘം പകപോക്കൽ തുടങ്ങിയത്. അനിൽ കുമാർ പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചു.