First Published Sep 26, 2023, 2:32 PM IST
സ്കോർപിയോ എസ്യുവി അപകടത്തിൽപ്പെട്ട് മകൻ മരിച്ചതിനെ തുടർന്ന് പിതാവിന്റെ പരാതിയില്‍ മഹീന്ദ്ര തലവൻ ആനന്ദ് മഹീന്ദ്രയ്ക്കെതിരെ കേസ് ഫയൽ ചെയ്തു. യുപിയിലെ കാണ്‍പൂരിലാണ് സംഭവം. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയ്ക്കും മറ്റ് 12 ജീവനക്കാര്‍ക്കുമെതിരെയാണ് എഫ്ഐആർ ഫയൽ ചെയ്തത്. കാൺപൂർ സ്വദേശിയായ രാജേഷ് മിശ്രയാണ് പരാതിക്കാരൻ. മഹീന്ദ്ര സ്കോർപിയോ എസ്യുവിയുടെ സുരക്ഷ സംബന്ധിച്ച തെറ്റായ ഉറപ്പുകളാണ് തന്റെ മകൻ ഡോ അപൂര്‍വ്വ മിശ്രയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് രാജേഷ് മിശ്രയുടെ പരാതി. കാൺപൂർ സ്വദേശിയായ രാജേഷ് മിശ്രയാണ് പരാതിക്കാരൻ. മഹീന്ദ്ര സ്കോർപിയോ എസ്യുവിയുടെ സുരക്ഷ സംബന്ധിച്ച തെറ്റായ ഉറപ്പുകളാണ് തന്റെ മകൻ ഡോ അപൂര്‍വ്വ മിശ്രയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതി.
2022 ജനുവരി 14 നായിരുന്നു അപകടം. പിന്നാലെ രാജേഷ് മിശ്ര പ്രാദേശിക കോടതിയെ സമീപിച്ചതിനെ തുടർന്ന് എഫ്ഐആർ ഫയൽ ചെയ്യാൻ ഉത്തരവിട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ആനന്ദ് മഹീന്ദ്രയ്ക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ 12 ജീവനക്കാർക്കുമെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. റായ്പൂർവ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് ഗോപാൽ മഹീന്ദ്ര, ഡീലര്‍ഷിപ്പായ തിരുപ്പതി ഓട്ടോ മാനേജർ, മുംബൈ ആസ്ഥാനമായുള്ള മഹീന്ദ്ര കമ്പനി ഡയറക്ടർ ചന്ദ്രപ്രകാശ് ഗുർനാനി, വിക്രം സിംഗ് മേത്ത, രാജേഷ് ഗണേഷ് ജെജുരിക്കർ, അനീഷ് ദിലീപ് ഷാ, തോത്തല നാരായണസാമി, ഹർഗ്രേവ് ഖൈതാൻ, മുത്തയ്യ മുർഗപ്പൻ മുത്തയ്യ, വിശാഖ നീരുഭായ് ദേശായി, നിസ്ബ ഗോദ്റെജ്, ശിഖസഞ്ജയ് ശർമ, വിജയ് കുമാർ ശർമ എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, വഞ്ചന, വധഭീഷണി, ഗൂഢാലോചന തുടങ്ങി നിരവധി ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2020 ഡിസംബർ രണ്ടിന് 17.39 ലക്ഷം രൂപയ്ക്ക് താൻ ഒരു കറുത്ത മഹീന്ദ്ര സ്കോർപിയോ എസ്യുവി വാങ്ങിയെന്നാണ് മിശ്രയുടെ പരാതിയില്‍ പറയുന്നത്. ആനന്ദ് മഹീന്ദ്രയുടെ തന്നെ പരസ്യങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും കണ്ടാണ് സുരക്ഷ മുൻനിർത്തി ഈ വാഹനം താൻ വാങ്ങിയതെന്നും പിന്നീട് അത് തന്റെ ഏക മകന് സമ്മാനിച്ചെന്നും മിശ്ര പറയുന്നു.
2022 ജനുവരി 14ന് ഡോ. അപൂർവ് മിശ്രയും സുഹൃത്തുക്കളും ലഖ്നൗവിൽ നിന്ന് കാൺപൂരിലേക്ക് കാറിൽ മടങ്ങുകയായിരുന്നു, എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും പരാതിയില്‍ പിതാവ് പറയുന്നു. മൂടൽമഞ്ഞിനെ തുടർന്ന്, കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. പലതവണ കരണം മറിഞ്ഞ ശേഷമാണ് വാഹനം നിന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഡോ. അപൂർവിന് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി.
ഡീലർഷിപ്പും കമ്പനിയുടെ പരസ്യങ്ങളും നൽകിയ ഉറപ്പുകൾ ഇല്ലായിരുന്നുവെങ്കിൽ താൻ ഒരിക്കലും ഈ കാർ വാങ്ങില്ലായിരുന്നുവെന്നും പരാതിയിൽ രാജേഷ് മിശ്ര ഊന്നിപ്പറയുന്നു. യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടും കാറിന്റെ എയർബാഗുകൾ വിന്യസിക്കാത്തതാണ് ഡോ. അപൂർവിന്റെ അകാല മരണത്തിന് കാരണമായതെന്നും പിതാവ് പരാതിയില്‍ ആരോപിക്കുന്നു. തെറ്റായ ഉറപ്പുകൾ നൽകി കമ്പനി തന്നെ കബളിപ്പിച്ചെന്നും പിന്നീട് കാറിൽ എയർബാഗുകൾ ഇല്ലെന്ന് കണ്ടെത്തിയെന്നും മിശ്ര വാദിക്കുന്നു. എയർബാഗുകൾ ഇല്ലാത്ത സ്കോർപിയോ കാർ കമ്പനി തനിക്ക് വിറ്റെന്നും ഇതുകാരണമാണ് തന്റെ മകൻ വാഹനാപകടത്തിൽ മരിക്കാനിടയായതെന്നും പരാതിക്കാരനായ രാജേഷ് മിശ്ര ആരോപിക്കുന്നു. അപകടത്തെ തുടർന്ന് 2022 ജനുവരി 29ന് കാറിലെ അപാകതകൾ ചൂണ്ടിക്കാട്ടി രാജേഷ് താൻ കാർ വാങ്ങിയ ഓട്ടോ സ്റ്റോറിലെത്തി. കമ്പനിയിലെ ജീവനക്കാർ രാജേഷുമായി വാക്കുതർക്കത്തിലേർപ്പെട്ടതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഡയറക്ടർമാരുടെ നിർദേശപ്രകാരം മാനേജർമാർ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും അദ്ദേഹം ആരോപിക്കുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചന, യന്ത്രങ്ങളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം, അശ്രദ്ധമൂലമുള്ള മരണം, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പരിക്കേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ആനന്ദ് മഹീന്ദ്രയ്ക്കും മറ്റുമെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.. കേസിൽ അന്വേഷണം ആരംഭിച്ചു, കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറയുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം അപകടത്തിന് ഇരയായ സ്കോർപിയോയിൽ എയർബാഗുകൾ ഉണ്ടായിരുന്നോ ഇല്ലയോ എന്നത് അന്വേഷണ വിഷയമാണ്. അഥഴാ എയർബാഗുകൾ ഇല്ലെന്നു തെളിഞ്ഞാൽ അത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള വലിയ തെറ്റായിരിക്കും. ഗ്ലോബൽ എൻസിഎപിയുടെ സുരക്ഷാ റേറ്റിംഗ് മഹീന്ദ്ര സ്കോർപിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ എയർബാഗുകൾ ഈ റേറ്റിംഗിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഏതൊരു കാറിന്റെയും സുരക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് എയർബാഗ്. ക്രാഷ് ടെസ്റ്റിൽ കാറുകൾക്ക് മികച്ച റാങ്ക് ലഭിക്കുന്നത് എയർബാഗുകളുടെ സഹായത്തോടെയാണ്. ഇപ്പോൾ ഏത് കാറിലും രണ്ട് എയർബാഗുകൾ നിർബന്ധമാണ്. ഇപ്പോൾ പല കമ്പനികളും കാറുകളുടെ അടിസ്ഥാന വേരിയന്റുകളിൽ പോലും ആറ്എയർബാഗുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, എയർബാഗ് ഉള്ള കാറുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്നത് അറിയേണ്ടതും പ്രധാനമാണ്. പലപ്പോഴും എയർബാഗുകൾക്ക് വർഷങ്ങൾ പഴക്കമുണ്ടാവുകയും ആവശ്യം വരുമ്പോൾ തുറക്കാതിരിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ, കാറിന്റെ എയർബാഗുകൾ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് ആവശ്യമാണ്.
എയർബാഗ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താം
നിങ്ങളുടെ കാറിൽ രണ്ട്, നാല് അല്ലെങ്കിൽ ആറ് എയർബാഗുകൾ ഉണ്ടെന്നു കരുതുക. എന്നാൽ അവ പ്രവർത്തിക്കുന്നില്ല എങ്കിൽ, അത് നിലവിലില്ലാത്തതിന് സമാനമാണ്. അത്തരമൊരു സാഹചര്യത്തിൽ, അവരുടെ പ്രവർത്തന പ്രക്രിയ പരിശോധിക്കണം. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ നിന്നാണ് എയർബാഗിന്റെ പ്രവർത്തന നില അറിയുന്നത്. നിങ്ങൾ കാർ സ്റ്റാർട്ട് ചെയ്യുമ്പോഴെല്ലാം, കാറിലെ കമ്പ്യൂട്ടർ എയർബാഗുകൾ പരിശോധിക്കുന്നു. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നോക്കുക. ഇവിടെ എയർബാഗ് അല്ലെങ്കിൽ ഒരു മനുഷ്യ ലോഗോയിൽ ഇൻഡികേറ്റര്‍ ലൈറ്റ് ഓണാകുന്നു. കാറിന്റെ കംപ്യൂട്ടർ എയർബാഗ് പരിശോധിച്ച് അത് ശരിയായി പ്രവർത്തിക്കുന്നുണ്ടെങ്കില്‍ അത് ഓഫാകും.
ഇനി കാർ ഓടിക്കുമ്പോഴും ഈ ലൈറ്റ് അണയാതെ കത്തുന്നുണ്ടെങ്കിൽ കാറിന്റെ എയർബാഗ് സംവിധാനത്തിൽ തകരാർ ഉണ്ടെന്നാണ് അർത്ഥം. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ, വാഹനത്തെ ഉടനെ സര്‍വ്വീസ് സെന്ററിലേക്ക് കൊണ്ടുപോകുകയും ഉടൻ തന്നെ അത് നന്നാക്കുകയും ചെയ്യുക. കാരണം ഇത് നിങ്ങളുടെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ഇത് സ്വയം നന്നാക്കാൻ കഴിയില്ല. ഒരു പ്രാദേശിക മെക്കാനിക്കിനെക്കൊണ്ട് അറ്റകുറ്റപ്പണി നടത്താൻ ശ്രമിക്കരുതെന്നും ഓർമ്മിക്കുക. എയർബാഗുകൾക്ക് കമ്പനികൾക്ക് ദീർഘകാല വാറന്റിയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അതിൽ തകരാർ ഉണ്ടായാലും കമ്പനി സൗജന്യമായി നന്നാക്കി നല്‍കും.
Last Updated Sep 26, 2023, 2:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]