
കോട്ടയം- കേരള കോൺഗ്രസ് എം കോട്ടയം ലോക്സഭാ മണ്ഡലം ഉൾപ്പെടെ ഒന്നിലധികം സീറ്റുകൾക്കായി ആവശ്യം ഉന്നയിച്ചതോടെ യു.ഡി.എഫും ബി.ജെ.പിയും കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കാൻ ആലോചിക്കുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം പാർലമെന്റ് സീറ്റിൽ കണ്ണുവെച്ചിട്ടുണ്ടെങ്കിലും കഴിയുമെങ്കിൽ കോൺഗ്രസ് തന്നെ മത്സരിക്കാനാണ് പരിപാടി. ജോസഫ് വിഭാഗത്തിനു നൽകിയാൽ കോട്ടയം സീറ്റ് തിരികെ പിടിക്കാനാവുമോ എന്ന സംശയം യു.ഡി.എഫിനുണ്ട്. പി.ജെ. ജോസഫോ മകൻ അപു ജോൺ ജോസഫോ പി.സി. തോമസോ ആയിരിക്കും മത്സരിക്കുക. കേരള കോൺഗ്രസ് എം ആസ്ഥാന ജില്ലയായ കോട്ടയത്ത് ജോസഫ് വിഭാഗം ദുർബലമാണ്. ഇതാണ് യു.ഡി.എഫിനെ സീറ്റു കാര്യത്തിൽ ഇരുത്തിചിന്തിപ്പിക്കുന്ന ഘടകം. ജോസഫ് വിഭാഗത്തിന് രാജ്യസഭാ സീറ്റ് ഓഫർ ചെയ്ത് കോട്ടയത്ത് കോൺഗ്രസ് മത്സരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. പക്ഷേ ഇതിനോട് ജോസഫ് വിഭാഗം എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. കോട്ടയം വേണമെന്ന നിലപാടിലാണ് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. കേരള കോൺഗ്രസ് എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും സിറ്റിംഗ് എം.പി. തോമസ് ചാഴികാടനാണ്് പാർട്ടിയുടെ ആദ്യ പരിഗണന എന്നു വ്യക്തം.
കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ, കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ എന്നിവരുടെ പേരുകളാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഇതിൽ അച്ചു ഉമ്മന്റെ സ്ഥാനാർഥിത്വം ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജില്ലയിൽ മകൾ മത്സരിച്ചാൽ ഈസിവാക്കോവർ ആണെന്നാണ് നേതാക്കളുടെ വിശ്വാസം. എന്നാൽ കോട്ടയം ഡി.സി.സി ഇതിനോട് യോജിക്കണമെന്നില്ല. ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ മത്സരിപ്പിക്കുന്നതിനോട് പോലും സീറ്റ് മോഹികളായ ഒരു വിഭാഗത്തിന് എതിർപ്പായിരുന്നു. അതിനുപുറമെ മകളെയും കൂടി മത്സരിപ്പിക്കുക എന്നത് എതിർപ്പിനിടയാക്കും. അതു മുന്നിൽ കണ്ടാണ് അച്ചുവിന്റെ സ്ഥാനാർഥിത്വം ചർച്ചയാക്കുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്റെ പേരു ഉയർന്നപ്പോൾ അച്ചു അതു തള്ളിക്കളഞ്ഞു. കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനം എടുത്താൽ ചിത്രം മാറും. കേരളത്തിലെ മുഴുവൻ സീറ്റുമാണ് ലോക്സഭയിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്്. നിലവിൽ കോട്ടയം ആലപ്പുഴ മണ്ഡലങ്ങൾ മാത്രമാണ് ഇടതുമുന്നണിക്കുളളത്്. ഈ രണ്ടു സീറ്റിലും വിജയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.
അതേ സമയം പുതുപ്പള്ളി ഇലക്ഷനിൽ വോട്ടിൽ ഏറെ പിന്നോട്ടുപോയെങ്കിലും ലോക്സഭയിൽ കടുത്ത മത്സരത്തിനാണ് ബി.ജെ.പി തയാറെടുക്കുന്നത്്. പുതുപ്പള്ളിയിൽ ഇടതുമുന്നണിക്കു പോലും അടിപതറിയപ്പോൾ പിന്നെ ബി.ജെ.പിയിലും അതു പ്രതിഫലിക്കില്ലേ എന്ന ചോദ്യമാണ് പാർട്ടി ഉയർത്തുന്നത്്. ബി.ജെ.പി ജില്ലാ അധ്യക്ഷൻ ജി. ലിജിൻലാലിനെ തന്നെയാണ് ലോക്സഭയിലേക്ക് പാർട്ടിയുടെ ആദ്യ പരിഗണന. സൗമ്യതയും ക്ലീൻ ഇമേജുമാണ് ലിജിന് മുൻതൂക്കം നൽകുന്നത്്. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തങ്ങി പ്രചാരണത്തിന് നേതൃത്വം നൽകിയ അനിൽ ആന്റണിയാണ് നേതൃത്വത്തിന്റെ മനസ്സിലുള്ള മറ്റൊരു സ്ഥാനാർഥി. കോട്ടയം അനിലിന്റെ അരങ്ങേറ്റത്തിന് അനുയോജ്യമായ മണ്ഡലമാണെന്നാണ് ഒരു വിഭാഗം കരുതുന്നത്്. നാരായണണൻ നമ്പൂതിരി, എൻ. ഹരി. രാധാകൃഷ്ണമേനോൻ എന്നിവരുടെ പേരുകളും ബി.ജെ.പി കേന്ദ്രങ്ങൾ മുന്നോട്ടുവെക്കുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]