ഇത് പാന്‍ ഇന്ത്യന്‍ റിലീസുകളുടെ കാലമാണ്. ബിഗ് ബജറ്റില്‍, വന്‍ കാന്‍വാസുകളില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ തിയറ്ററുകളിലെത്തി ആസ്വദിക്കാന്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒരു തടസ്സമാക്കാറില്ല സിനിമാപ്രേമികള്‍. രാജ്യത്തെ ഏത് ഭാഗത്തെ തിയറ്ററുകളിലും ആളെ കയറ്റുമെന്നതിനാല്‍ അത്തരം ചിത്രങ്ങള്‍ക്കായി തിയറ്ററുകാരുടെയും കാത്തിരിപ്പ് ഉണ്ട്. എന്നാല്‍ വന്‍ ഹൈപ്പ് ലഭിച്ച അത്തരം രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളില്‍ എത്തിയാലോ? അതിനുള്ള സാധ്യത ഇപ്പോഴിതാ തെളിഞ്ഞിരിക്കുകയാണ്.
രാജ്കുമാര് ഹിറാനിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന് നായകനാവുന്ന ഡങ്കി, പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാവുന്ന സലാര്‍ എന്നിവയാണ് ഒരേ ദിവസം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ഇത്തവണത്തെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 ന് ഡങ്കി എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ആ ഡേറ്റില്‍ തന്നെ സലാറും എത്താനുള്ള സാധ്യതയാണ് ഒരുങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ച് രാജ്യമൊട്ടാകെയുള്ള തിയറ്റര്‍ ഉടമകള്‍ക്ക് സലാര്‍ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ അറിയിപ്പ് ലഭിച്ചു. റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബര്‍ 29 ന് ഉണ്ടാവുമെന്നും അറിയുന്നു.
അതേസമയം ഇത് രണ്ടാം തവണയാണ് ഹൊംബാളെയുടെ നിര്‍മ്മാണത്തിലെത്തുന്ന ഒരു ചിത്രം ഒരു ഷാരൂഖ് ഖാന് ചിത്രമെത്തുന്ന അതേദിവസം തിയറ്ററുകളിലെത്തുന്നത്. നേരത്തെ ഷാരൂഖ് ഖാന് നായകനായ സീറോയും ഹൊംബാളെയുടെ കെജിഎഫ് ചാപ്റ്റര്‍ ഒന്നും ഒരേദിവസമാണ് എത്തിയത്. 2018 ഡിസംബര്‍ 21 നായിരുന്നു രണ്ട് ചിത്രങ്ങളുടെയും റിലീസ്. സീറോ ബോക്സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ കെജിഎഫ് കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിച്ചു. അതേസമയം 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പഠാനും ജവാനും പിന്നാലെ എത്തുന്ന ഷാരൂഖ് ഖാന് ചിത്രമെന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ആണ് ഡങ്കി നേടിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]