![](https://newskerala.net/wp-content/uploads/2023/09/6ecade32-wp-header-logo.png)
ഇൻഡോർ: ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 99 റൺസിന്റെ തകർപ്പൻ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു. മഴ കാരണം ഓസ്ട്രേലിയക്ക് വിജയലക്ഷ്യം 33 ഓവറിൽ 317 റൺസായി പുനർനിർണയിക്കുകയായിരുന്നു. 28.2 ഓവറിൽ 217 റൺസിന് ഓൾഔട്ടായി.
നേരത്തെ, ഓപ്പണർ ശുഭ്മൻ ഗിൽ, വൺഡൗൺ ബാറ്റർ ശ്രേയസ് അയ്യർ എന്നിവരുടെ തകർപ്പൻ സെഞ്ചുറികളും ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ അതിവേഗ അർധ സെഞ്ചുറിയും സൂര്യകുമാർ യാദവ് നടത്തിയ വെടിക്കെട്ടുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗ് നിറങ്ങിയ ഓസീസിന് വികറ്റുകൾ തുടരെ നഷ്ടമായി. വാർനറെ (39 പന്തിൽ 53) വിക്കറ്റിനു മുന്നിൽ കുടുക്കിയ അശ്വിൻ, ലബുഷെയ്നെ (31 പന്തിൽ 27) ക്ലീൻ ബൗൾ ചെയ്തു. വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് (6) കൂടി അശ്വിന്റെ പന്തിൽ എൽബിഡബ്ല്യു ആയതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങളിൽ ആയി. അലക്സ് കാരിയെയും ആഡം സാംപയെയും രവീന്ദ്ര ജഡേജ പുറത്താക്കുകയും കാമറൂൺ ഗ്രീൻ റണ്ണൗട്ടാകുകയും ചെയ്തു.
140 റൺസെടുക്കുന്നതിനിടെ എട്ടു വിക്കറ്റ് നഷ്ടമായ കംഗാരുക്കൾക്ക് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് 77 റൺസ് കൂട്ടിച്ചേർത്തു . 23 റൺസെടുത്ത ഹേസൽവുഡിനെ മുഹമ്മദ് ഷമി ക്ലീൻ ബൗൾ ചെയ്ത് ഈ കൂട്ടുകെട്ടും തകർത്തു.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരേ നേടുന്ന ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് 399 റൺസ്.