
വാഷിങ്ടൻ ∙
ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ്
. ആക്രമണത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകി.
‘എനിക്ക് അതിൽ സന്തോഷമില്ല. എനിക്ക് അത് കാണാൻ താൽപര്യമില്ല.
അതേസമയം, നമ്മൾ ആ പേടിസ്വപ്നം അവസാനിപ്പിക്കണം’ – ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തെക്കൻ ഗാസയിൽ ഖാൻ യൂനിസിലെ പ്രധാന ആശുപത്രിയായ അൽ നാസറിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 മാധ്യമപ്രവർത്തകരടക്കം 20 പേരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയുടെ നാലാം നിലയിലാണ് മിസൈൽ പതിച്ചത്.
രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി. അസോഷ്യേറ്റ് പ്രസിന്റെ റിപ്പോർട്ടർ മറിയം അബു ദഗ്ഗ, അൽ ജസീറയുടെ മുഹമ്മദ് സലാമ, റോയിട്ടേഴ്സിന്റെ ക്യാമറമാൻ ഹുസം അൽ മസ്റി, മുവാസ് അബു താഹ, അഹ്മദ് അബു അസീസ് എന്നിവരാണു കൊല്ലപ്പെട്ട
മാധ്യമപ്രവർത്തകർ. റോയിട്ടേഴ്സ് ഫൊട്ടോഗ്രഫർ ഹത്തം ഖലീദിനു പരുക്കേറ്റു.
22 മാസം പിന്നിട്ട
യുദ്ധത്തിൽ പലവട്ടം ബോംബാക്രമണവും സൈനിക അതിക്രമവും നേരിട്ട ആശുപത്രിയാണിത്.
റോയിട്ടേഴ്സിന്റെ ഹുസം മസ്റി ലൈവ് റിപ്പോർട്ടിങ് നടത്തുന്നതിനിടെയാണ് ആദ്യ ആക്രമണമുണ്ടായത്. ഇവിടേക്ക് രക്ഷാപ്രവർത്തകരും മറ്റു മാധ്യമപ്രവർത്തകരും ഓടിയെത്തിയപ്പോൾ വീണ്ടും ആക്രമിച്ചു.
രണ്ടാഴ്ച മുൻപ് അൽ ജസീറയുടെ അനസ് അൽ ഷെരീഫും മറ്റ് 4 മാധ്യമപ്രവർത്തകരും ഇസ്രയേൽ ബോംബിങ്ങിൽ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 192 മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടത്.
അതിനിടെ, ഇന്നലെയും ഗാസ സിറ്റി കേന്ദ്രീകരിച്ചുള്ള ബോംബാക്രമണം ഇസ്രയേൽ തുടർന്നു.
കുട്ടിയടക്കം 3 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിൽ ഭക്ഷണവിതരണകേന്ദ്രത്തിലെ വെടിവയ്പിൽ 6 പേരും കൊല്ലപ്പെട്ടു.
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 62,686 ആയി ഉയർന്നു. പട്ടിണിമൂലം ഇന്നലെ 8 പേർ കൂടി മരിച്ചതോടെ ആകെ പട്ടിണിമരണം 115 കുട്ടികളടക്കം 289 ആയി.
വിദേശമാധ്യമപ്രവർത്തകർക്കു ഗാസയിൽ വിലക്കുള്ളതിനാൽ രാജ്യാന്തര വാർത്താഏജൻസികൾ ഗാസയിലെ ഫ്രീലാൻസ് മാധ്യമപ്രവർത്തകരെയാണ് ആശ്രയിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]