കൊച്ചി: ടെസ്റ്റ് ഡ്രൈവിനിടെ കൊച്ചിയിൽ ഇടിച്ച് തകർന്നത് ബെൻസ് കാറുകൾ. കോടികൾ വില വരുന്ന ആഡംബര വാഹനങ്ങളാണ് കൊച്ചി വെല്ലിംഗ്ടൺ ദ്വീപിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തകർന്നത്. മെർസിഡസ് ബെൻസിന്റെ എംഎംജി എസ്എൽ55 റോഡ്സ്റ്റർ, എംഎംജി ജിടി 63 എസ് ഇ കാറുകളും ഹ്യുണ്ടായി അസെന്റ് കാറുമാണ് കൊച്ചിയിൽ ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ചത്. അപകടത്തിൽ ആളപായമില്ല. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്.
ഒരു സ്ത്രീ അടക്കം അഞ്ച് പേരാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. എറണാകുളം സ്വദേശികളായ അശ്വിൻ, ദീപക്, സച്ചിൻ, അനഘ, സജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്. അശ്വിന് കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അനഘ ഓടിച്ചിരുന്ന എംഎംജി ജിടി 63 എസ് ഇയാണ് അപകടമുണ്ടാക്കിയത്. റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് വെല്ലിംഗ്ടൺ ദ്വീപിന്റെ ഭാഗത്തേക്ക് പോവുന്നതിനിടെ കേന്ദ്രീയ വിദ്യാലയത്തിന്റെ അടുത്ത് വച്ച് ആഡംബര കാറിന് നിയന്ത്രണം വിടുകയായിരുന്നു. പഴയ റെയിൽവേ ട്രാക്കിലിടിച്ച എംഎംജി ജിടി 63 എസ് ഇ റോഡിലൂടെ വന്ന ഹ്യുണ്ടായി കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വലത്ത് ഭാഗത്തേക്ക് കറങ്ങിത്തിരിഞ്ഞ് വന്ന് പിന്നാലെ വന്ന എംഎംജി എസ്എൽ55 റോഡ്സ്റ്ററിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അശ്വിനാണ് ഈ കാർ ഓടിച്ചിരുന്നത്. എറണാകുളം കുരീക്കാട് സ്വദേശിയായ സജിമോനാണ് ഹ്യുണ്ടായി കാർ ഓടിച്ചത്.
കൂട്ടിയിടിയിൽ എംഎംജി ജിടി 63 എസ് ഇയുടെ മുൻഭാഗം പൂർണമായും തകർന്നു. പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സജിമോന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 3.10 കോടി വില വരുന്നതാണ് എംഎംജി എസ്എൽ55 റോഡ്സ്റ്റർ കഴിഞ്ഞ ജൂണിലാണ് ലോഞ്ച് ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ലോഞ്ച് ചെയ്ത എംഎംജി ജിടി 63 എസ് ഇക്ക് 4.19 കോടിയാണ് വില.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]