ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന 23 പേരെ വെടിവച്ച് കൊന്നു. തോക്കുധാരികളായ അജ്ഞാതരാണ് ആക്രമണം നടത്തിയത്. ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിയ ശേഷമാണ് വെടിവച്ച് കൊന്നത്. ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിലാണ് സംഭവം. നടന്നത് തീവ്രവാദി ആക്രമണമാണെന്നാണ് സൂചന. എന്നാൽ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
മുസാഖേലിലെ രാരാഷത്ത് ദേശീയ പാത അക്രമികൾ തടഞ്ഞെന്ന് പാക് മാധ്യമമായ ഡോണ് റിപ്പോർട്ട് ചെയ്തു. യാത്രക്കാരെ ബസുകളിൽ നിന്ന് ഇറക്കിവിട്ടു. തുടർന്നാണ് 23 പേരെ വെടിവച്ച് കൊന്നതെന്ന് മുസാഖേലിലെ അസിസ്റ്റന്റ് കമ്മീഷണർ നജീബ് കാക്കറിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അക്രമികൾ 10 വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായും പൊലീസ് പറഞ്ഞു. സംഭവത്തെ അപലപിച്ച ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ഭീകരരുടെ ക്രൂരത എന്നാണ് പാകിസ്ഥാൻ ഫെഡറൽ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പ്രതികരിച്ചത്. നിരപരാധികളായ യാത്രക്കാരോട് ക്രൂരത കാണിച്ച ഭീകരർക്കും അവരുടെ സഹായികൾക്കും കനത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലിലും സമാന ആക്രമണം പകിസ്ഥാനിലുണ്ടായി. ഒൻപത് യാത്രക്കാരെ നോഷ്കിക്ക് സമീപം ബസിൽ നിന്ന് ബലമായി പുറത്തിറക്കിയ ശേഷം ഐഡി കാർഡ് പരിശോധിച്ച ശേഷം തോക്കുധാരികൾ വെടിവച്ച് കൊല്ലുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]