
ദുബൈ: കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് തോന്നുമ്പോഴൊക്കെ തോന്നിയപടി വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പ്രത്യേക പരിപാടിയിൽ ഉയർന്നത്. മറ്റൊരു സെക്ടറിലും ഇല്ലാത്ത തരത്തിൽ ഗൾഫിലേക്കുള്ള വിമാന ടികറ്റ് നിരക്കിൽ മാത്രമാണ് ഈ സമീപനമെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടി. ഏറെക്കാലമായി ചർച്ചകൾ നടത്തിയിട്ടും പലതലത്തിൽ ശ്രമങ്ങളുണ്ടായിട്ടും ഫലപ്രദമായ ഒരു പരിഹാരവും ഉണ്ടാവാതെ ഈ പ്രശ്നം നീണ്ടുപോകുന്നതിലുള്ള അമർഷവും പ്രവാസികൾക്കും പ്രവാസി സംഘടനകൾക്കുമുണ്ട്.
വിമാനക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്ന സീസൺ സമയത്തും അല്ലാത്ത സമയത്തുമെല്ലാം വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ ചെലവ് ഒരുപോലെയാണ്. അതിൽ വ്യത്യാസമൊന്നുമില്ല. പിന്നെ ടിക്കറ്റ് നിരക്കിൽ നാലിരട്ടിയും അഞ്ചിരട്ടിയുമൊക്കെ വർദ്ധനവ് വരുന്നതിന്റെ കാരണം എന്താണെന്നാണ് പലരും ചോദിക്കുന്നത്. അവസരത്തിന് കാത്തുനിൽക്കുന്നത് പോലെയാണ് വിമാനക്കമ്പനികളുടെ സമീപനം. സ്കൂൾ അവധി, പെരുന്നാൾ, ഓണം, ക്രിസ്മസ് ഇതൊക്കെ നോക്കി വല്ലാതെ ടിക്കറ്റ് നിരക്ക് കൂട്ടിവെയ്ക്കുന്നുവെന്നും പരാതിപ്പെട്ടു.
15 ദിവസത്തിന് മുമ്പ് നാട്ടിലേക്ക് വന്ന പ്രവാസികൾക്ക് പലരും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് കിട്ടിയത്. അപ്പോൾ താരതമ്യേന തിരക്ക് കുറവായിരുന്നു. എന്നാൽ ഒന്നോ രണ്ടോ ദിവസം മുമ്പ് തിരച്ചുപോയവരോട് ടിക്കറ്റ് നിരക്ക് ചോദിച്ചാൽ ഞെട്ടും. നാലോ അഞ്ചോ പേരുള്ള കുടുംബത്തിന് വേണ്ടിവന്നത് രണ്ട് ലക്ഷത്തോളം രൂപയാണെന്ന് ഒരു പ്രവാസി അനുഭവം ചൂണ്ടിക്കാട്ടി പറയുന്നു. ആയിരം ദിർഹത്തിനും അതിലും താഴെയുമൊക്കെയുള്ള വരുമാനത്തിന് ഗൾഫിൽ ജോലി ചെയ്യുന്ന നിരവധിപ്പേരുണ്ടെന്ന കാര്യം മറക്കരുതെന്നും പ്രവാസികൾ ഓർമിപ്പിക്കുന്നു. ഇവരൊക്കെ നാട്ടിലെത്തി തിരികെ പോകുമ്പോൾ അതിനായി മാത്രം വേണ്ടിവരും വൻതുക.
സാധാരണ 3000 ദിർഹം കൊടുത്ത് ടിക്കറ്റെടുത്തിരുന്ന സ്ഥാനത്ത് കഴിഞ്ഞ ദിവസം 13,000 ദിർഹത്തിനാണ് ടിക്കറ്റ് കിട്ടിയെന്ന് ഒരു പ്രവാസി അനുഭവം പറഞ്ഞു. സ്കൂൾ അടയ്ക്കുന്നതിന്റെ സമയക്രമം അറിഞ്ഞാൽ പിന്നെ കുടുബത്തോടൊപ്പം താമസിക്കുന്ന പ്രവാസികൾ നാട്ടിലെത്താനുള്ള തിരക്ക് ആരംഭിക്കും. പിന്നീട് ടിക്കറ്റ് കിട്ടിയില്ലെങ്കിലോ എന്ന് കരുതി എത്രയും വേഗം ടിക്കറ്റെടുക്കാനാവും ശ്രമം. അപ്പോഴേക്കും വിമാന കമ്പനികൾ അവസരം മുതലെടുത്ത് നാലിരട്ടിയും അഞ്ചിരട്ടിയും ഒക്കെയായി വർദ്ധിപ്പിച്ചിട്ടുണ്ടാവും നിരക്കുകളും. കാലങ്ങളായി തുടരുന്ന ഈ പ്രതിഭാസത്തിന് ഇക്കുറിയും മാറ്റമൊന്നുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]