
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷം. വിവിധ അപകടങ്ങളിൽ 4 പേര് മരിച്ചു.
കണ്ണൂര് കൂത്തുപറമ്പിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടമായി.
ഇടുക്കിയിൽ മരം വീണ് തോട്ടം തൊഴിലാളിയായ മധ്യവയസ്കയും മരിച്ചു. മൂന്നാറിലുണ്ടായ മണ്ണിടിച്ചിലിൽ നിര്ത്തിയിട്ട
ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള് മരിച്ചു. കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി പ്രദേശങ്ങളിൽ വീടിന് മുകളിലേക്ക് മരമൊടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി.
കൊല്ലം പത്തനാപുരം അലിമുക്കിൽ മഴയിലും ശക്തമായ കാറ്റിലും ലോറിക്ക് മുകളിലേക്ക് മരം കടപുഴകി വീണു. അലിമുക്ക് ജംഗ്ഷനിൽ സിമൻറ് ഇറക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിലേക്കാണ് ആഞ്ഞിലിമരം വീണത്.
വൈദ്യുതി ലൈനിന് മുകളിലേക്ക് കൂടിയാണ് മരം വീണത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം വെട്ടി മാറ്റി.
പുനലൂർ – മൂവാറ്റുപുഴ പാതയിലാണ് സംഭവം. ശാസ്താംകോട്ടയിൽ കടമുറികൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നു.
വർഷങ്ങൾ പഴക്കമുള്ള കടളാണ് തകർന്നത്. തുടർച്ചയായ മഴയിൽ വെള്ളം ഇറങ്ങി.
കെട്ടിടത്തിൽ വിള്ളലുണ്ടായിരുന്നു. അപകടാവസ്ഥ മനസിലാക്കി ഇന്ന് കട
തുറന്നില്ല. അതിനാൽ ആളപായം ഒഴിവായി.
എറണാകുളം എടത്തല പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മണ്ണിടിഞ്ഞു വീണ് വീട് തകർന്നു. പതിമൂന്നാം വാർഡ് കൈലാസ് നഗർ തിരുവല്ലം റോഡിലെ താമസക്കാരനായ ലൈജുവിൻ്റെ വീടാണ് തകർന്നത്.
വീടിനുള്ളിൽ ഉണ്ടായിരുന്ന ലൈജു അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയിൽ ശക്തമായ മഴ രാത്രിയിലും തുടരുമെന്ന സാഹചര്യം നിലവിലുള്ളതിനാൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വൻമരം കടപുഴകിവീണത് വീട്ടുമുറ്റത്തേയ്ക്കായതിനാൽ ഒഴിവായത് വലിയ അപകടം. പട്ടിമറ്റത്തിന് സമീപം നരച്ചിലംകോട് കോളനിയിൽ ബേബിയുടെ വീടിന് സമീപം നിന്ന തേക്കുമരം മറിഞ്ഞ് വീണ് മതിൽ തകർന്നു.
വീടിന് എതിർ വശത്തേയ്ക്ക് മറിഞ്ഞതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇവിടെ അന്യസംസ്ഥാന കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്.
ശക്തമായ കാറ്റിലാണ് മരം മറിഞ്ഞ് വീണത്. സമീപത്തായി മറ്റൊരു വലിയ മരം അപകട
ഭീഷണിയായി നിൽക്കുന്നത് വീട്ടുടമസ്ഥന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവഗണിച്ചതായും താമസക്കാർ പറഞ്ഞു. ആലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി.
രാവിലെ മുതൽ നഗരത്തിൽ പെയ്യുന്ന കനത്ത മഴയ്ക്ക് പുറമേ അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടി തുറന്നതോടെ വൈകിട്ട് അഞ്ചരമണിയോടെ ആലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. മണപ്പുറത്തെ ശിവക്ഷേത്രത്തിന്റെ മുക്കാൽ ഭാഗവും വെള്ളത്തിനടിയിലായി.
വയനാട് തവിഞ്ഞാൽ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു. കാലാവസ്ഥാവകുപ്പ് വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് നടപടി.
മഴ കനക്കുന്ന സാഹചര്യത്തിൽ 9 പഞ്ചായത്തുകളിൽ റിസോർട്ടുകൾ ഹോംസ്റ്റേകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു. മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് നിരോധനം.
മുണ്ടക്കൈ-ചൂരൽമല ദുരന്ത പ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു. കനത്ത മഴയെ തുടർന്ന് പാലക്കാട് നെല്ലിയാമ്പതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഒരു അറിയിപ്പ് ഉണ്ടാകുന്നത് വിനോദസഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. ചുരം പാതയിൽ അടക്കം മണ്ണിടിച്ചിൽ ഉണ്ടായതോടെയാണ് നിയന്ത്രണം.
ഇടുക്കി വെള്ളിയാമറ്റം പതിക്കമല തോട്ടിൽ മലവെള്ള പാച്ചിലിൽ സമീപത്തുണ്ടായിരുന്ന ഇരുചക്രവാഹനം ഒഴുക്കിൽപ്പെട്ടു. സംഭവത്തിൽ ആളപായം ഇല്ല.
മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കി മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്ര പൂർണമായി നിരോധിച്ചു. മണ്ണും പാറയും ഇടിയാൻ സാധ്യത ഉള്ളതിനാലാണ് നിരോധനം.
ജില്ലയിലെ ഖനനപ്രവർത്തനങ്ങളും നിരോധിച്ചു. തോട്ടം മേഖലയിലെ പുറം ജോലികൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
ഇടുക്കിയിലെ തോട്ടം മേഖലയിൽ രണ്ട് തൊഴിലാളികൾ മരം വീണ് മരിച്ച സാഹചര്യത്തിൽ ആണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സാഹചര്യങ്ങൾ സാധാരണ നിലയ്ക്ക് ആകും വരെ തോട്ട
മേഖലയിൽ പുറം ജോലികൾ പാടില്ലെന്ന് ഉത്തരവുണ്ട്. അടിമാലി നേര്യമംഗലം പാതയിൽ ചീയപ്പാറയ്ക്ക് സമീപം മണ്ണിടിഞ്ഞു വീണ് മരം കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി.
ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളിയിൽ കടലാക്രമണം. ഒരു വീട് തകർന്നു.
തീരദേശ റോഡിൽ തിരമാലകൾ അടിച്ചു കയറി. കടൽ ഭിത്തിക്ക് മുകളിലൂടെ ആണ് തിരമാലകൾ അടിച്ചു കയറുന്നത്.
30 ഓളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. കാക്കനാട് എൻജിഒ കോട്ടേഴ്സ് എംപി ഓ എൽ മെയിൻ ഗെയ്റ്റിന് സമീപത്തായാണ് മഴയിൽ ഇന്ന് വൈകിട്ട് ആറുമണിക്ക് വൈദ്യുതി പോസ്റ്റിനു മുകളിൽ പൊട്ടിത്തെറിച്ച് തീപിടിത്തം ഉണ്ടായി.
മറ്റ് അപകടങ്ങൾ ഒന്നുമില്ല. ഇതേ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.
പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ പുഴ കരകവിഞ്ഞൊഴുകി. പേഴുംപാറ-ചാത്തമംഗലം റോഡിൽ വെള്ളം കയറി.
റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തി. വെള്ളം കയറിയ പുത്തൻതോട് ഭാഗത്തെ നാല് വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.
മണ്ണിടിഞ്ഞ് വീണു. മൂന്നാറിൽ ദേശീയപാതയിൽ വഴിയോര കടകൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു.
കടകളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ നാല് കടകൾ തകർന്നു.
പാലക്കാട് പുതുശേരിയിൽ ശക്തമായ കാറ്റിൽ വൻ മരം കടപുഴകി വീണു. പുതുശേരി സ്വദേശി ബാലചന്ദ്രൻ്റെ വീടിനു മുന്നിലെ മരമാണ് കടപുഴകി വീണത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]