
വാഷിംഗ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് അമേരിക്ക. പ്രസിഡന്റ് ബൈഡൻ പിന്മാറിയതോടെ പകരമാര് എന്ന ചോദ്യത്തിന് ഡെമോക്രാറ്റ് പാർട്ടിയുടെ അന്തിമ ഉത്തരമായിട്ടില്ലെങ്കിലും എല്ലാ കണ്ണുകളും കമലാ ഹാരിസിലാണ് എത്തിനിൽക്കുന്നത്. പാർട്ടിയിലെ പിന്തുണ ഏറക്കുറെ ഉറപ്പാക്കിയ കമല തന്നെയാകും പ്രസിഡന്റ് സ്ഥാനാർഥിയെന്ന് ഉറപ്പാകുകയാണ്. ഇതോടെ റിപ്പബ്ലിക്കൻ ക്യാംപ് കമലക്കെതിരായ നീക്കവും ശക്തമാക്കിയിട്ടുണ്ട്. അതിനിടയിൽ ട്രംപ് അനുകൂലികൾ കമലക്ക് ആദ്യ കുരുക്ക് ഇട്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
മറ്റൊന്നുമല്ല, യു എസ് പ്രസിഡന്റ് സ്ഥാനാർത്ഥി എന്ന നിലയിൽ ജോ ബൈഡന്റെ പ്രചാരണ ഫണ്ടിൽ ലഭിച്ച തുകയിലാണ് ട്രംപ് പക്ഷം കുരുക്കിട്ടിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനാർത്ഥി എന്ന നിലയിലെ പ്രചരണത്തിലൂടെ ബൈഡന് ലഭിച്ച ഫണ്ട്, കമല ഹാരിസിന് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന ആവശ്യത്തിലാണ് ട്രംപ് പക്ഷം. ഇത് വ്യക്തമാക്കി ട്രംപിന്റെ ഔദ്യോഗിക പ്രചാരണ സംഘം ഫെഡറൽ ഇലക്ഷൻ കമ്മിഷന് പരാതിയും നൽകിക്കഴിഞ്ഞു. ഇത്തരത്തിൽ ഫണ്ട് കൈമാറ്റം നടത്തുന്നത് നിയമപരമല്ലെന്നാണ് ട്രംപ് പക്ഷത്തിന്റെ പരാതിയിൽ പറയുന്നത്.
ഏറക്കുറെ 91 മില്യൺ ഡോളറാണ് പ്രസിഡന്റ് സ്ഥാനാർഥിയെന്ന നിലയിൽ ബൈഡന്റെ പ്രചരണ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് എന്നാണ് റിപ്പോർട്ട്. 762 കോടിയിലധികം ഇന്ത്യൻ രൂപയെന്ന് സാരം. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിക്കാണ് പണം കിട്ടിയതെന്നാണ് ഡൊമാക്രാറ്റുകൾ ചൂണ്ടികാട്ടുന്നത്. ബൈഡനുള്ള സംഭാവനയല്ലെന്നും പാർട്ടിയുടെ പ്രചരണത്തിനുള്ള ഫണ്ടാണ് അതെന്നും ഡൊമാക്രാറ്റുകൾ വിവരിച്ചിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തിൽ ഫെഡറൽ ഇലക്ഷൻ കമ്മിഷൻ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Last Updated Jul 26, 2024, 12:06 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]