
യുക്രെയ്നിന് പാട്രിയ്റ്റ് മിസൈലുകൾ നൽകുന്നത് പരിഗണനയിൽ; സംഘർഷം അവസാനിപ്പിക്കാൻ പുട്ടിനുമായി സംസാരിക്കും: ട്രംപ്
ഹേഗ് ∙ റഷ്യ – യുക്രെയിൻ സംഘർഷത്തിൽ യുക്രെയിനെ സഹായിക്കുന്നതിന് കൂടുതൽ പാട്രിയ്റ്റ് മിസൈലുകൾ നൽകുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘മിസൈലുകൾ തകർക്കാൻ ശേഷിയുള്ള പാട്രിയറ്റ് മിസൈലുകൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണെങ്കിലും ഏതാനും എണ്ണം ലഭ്യമാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കും.’ – നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ട്രംപ്, യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
യുക്രെയിന് കൂടുതൽ സൈനിക സഹായം നൽകുന്നതിനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞില്ല. സംഘർഷം അവസാനിപ്പിക്കാൻ വൊളോഡിമിർ സെലെൻസ്കി ആഗ്രഹിക്കുന്നുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഇതേ കുറിച്ച് എത്രയും വേഗം സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിനു നന്ദി സമൂഹമാധ്യമത്തിലൂടെ രേഖപ്പെടുത്തിയ സെലെൻസ്കി, പ്രധാന വിഷയങ്ങളെല്ലാം ചർച്ച ചെയ്തെന്നും പറഞ്ഞു. യുഎസുമായി ചേർന്ന് സംയുക്തമായി ഡ്രോണുകൾ നിർമിക്കുന്നതിനെ കുറിച്ച് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിച്ചെന്ന് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
എന്നാൽ, ബൈഡൻ ഭരണകൂടം അനുവദിച്ച ആയുധസഹായം ട്രംപ് മരവിപ്പിച്ചിരിക്കുകയായിരുന്നു. ട്രംപ് – സെലെൻസ്കി കൂടിക്കാഴ്ച അൻപതു മിനിറ്റോളം നീണ്ടു. സ്ഥിരംവേഷമായ കാക്കി ടിഷർട്ടിനു പകരം കുറച്ചുകൂടി ഔപചാരികമായ വസ്ത്രമാണ് ഉച്ചകോടിയിൽ സെലെൻസ്കി ധരിച്ചത്.
ട്രംപുമായുള്ള ഉടക്കിൽ കലാശിച്ച വൈറ്റ് ഹൗസ് കൂടിക്കാഴ്ചയിൽ, സെലെൻസ്കി സ്യൂട്ട് ധരിക്കാതിരുന്നതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]