
വിമാനത്താവളത്തിൽ 2 വയസ്സുള്ള കുഞ്ഞിനെ എടുത്തുയർത്തി തറയിലടിച്ച് യുവാവ്; തലയോട്ടി തകർന്നു, നട്ടെല്ലിനും ക്ഷതം; കോമ അവസ്ഥയിൽ ചികിത്സയിൽ
മോസ്കോ∙ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനെ എടുത്തുയർത്തി തറയിലടിച്ച് യുവാവ്. ഇറാൻ സ്വദേശിയുടെ കുഞ്ഞിനു നേരെയാണ് കൊടും ക്രൂരത.
അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടി നിലവിൽ കോമ അവസ്ഥയിലാണ്.
ബെലാറസുകാരനായ വ്ലാഡിമിര്‍ വിറ്റകോവ് എന്നയാളുടെ ഭാഗത്തു നിന്നാണ് ഇത്തരമൊരു ക്രൂര പ്രവൃത്തിയുണ്ടായത്. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് ഇയാൾ കുട്ടിയെ എടുത്തുയർത്തി തറയിലടിച്ചത്.
ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം റഷ്യയില്‍ എത്തിയതായിരുന്നു കുട്ടി. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ, മകനുവേണ്ടി ഉന്തുവണ്ടി എടുക്കാന്‍ പോയ സമയത്തായിരുന്നു ക്രൂരത.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമലോകത്തു വ്യാപകമായി പ്രചരിക്കുകയാണ്. വിമാനത്താവളത്തിനുള്ളില്‍ ബാഗിൽ പിടിച്ച് നില്‍ക്കുകയായിരുന്നു കുട്ടി.
സമീപത്ത് തന്നെയുണ്ടായിരുന്ന വ്ലാഡിമിര്‍, ചുറ്റും നോക്കി മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം കുട്ടിയെ കാലില്‍ പിടിച്ച് പൊക്കി തറയിലടിക്കുകയായിരുന്നു. നിലത്ത് വീണ കുട്ടിയെ മറ്റൊരു യാത്രക്കാരന് ഓടിവന്ന് എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനത്താവളത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിനു പിന്നില്‍ വംശീയ വിദ്വേഷമുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. വ്ലാഡിമിര്‍ മയക്കുമരുന്നിന് അടിമയാണോ എന്നും പൊലീസ് സംശയിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]