
മലപ്പുറം: കരുളായി പഞ്ചായത്തിലെ ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടാനയുടെ അതിക്രമം തുടരുന്നു. മൈലമ്പാറ തെക്കേമുണ്ടയിൽ കഴിഞ്ഞ ദിവസമെത്തിയ കാട്ടാന ജനവാസ മേഖലയിൽ ഭീതി പരത്തുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് തെക്കേമുണ്ടയിൽ ഒറ്റയാൻ വീണ്ടും എത്തിയത്.
ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെത്തിയ കാട്ടാന മങ്ങാട്ടുപറമ്പൻ അബ്ദുറഹിമാന്റെ പറമ്പിലെ രണ്ടു തെങ്ങുകൾ നശിപ്പിച്ചു. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ആനയെ തുരത്തിയോടിച്ചത്. ഇതിനിടയിൽ പലതവണ ആളുകൾക്ക് നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയും ചെയ്തു. കരുളായി വനത്തിൽ നിന്നും ചിരങ്ങാംതോട് മറികടന്നാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയിലും ഇതേ ഭാഗത്ത് ആനയെത്തുകയും നാശം വിതക്കുകയും ചെയ്തിരുന്നു.
ഇടക്കിടെ ഇവിടങ്ങളിലുണ്ടാവുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കരുളായിപ്പാലം മുതൽ ഉണ്ണിക്കുളം വരെ തൂക്കുസോളാർ വേലിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ പ്രാരംഭ നടപടികൾ പോലുമായിട്ടില്ല. പദ്ധതി വേഗത്തിൽ പൂർത്തീകരിച്ചാൽ പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് പൂർണമായ പരിഹാരം കാണാനാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Last Updated Jun 26, 2024, 10:32 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]