
തൃശൂർ : ദേശീയപാത ചെമ്പൂത്രയിൽ ഹൈബ്രിഡ് ഇനത്തിൽ പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പിടിയിൽ. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ ചെമ്പൂത്ര കോഫി ഹൗസിനു മുന്നിൽ കാറിൽ നിന്നുമാണ് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 30 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ്, എന്നിവ പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കാറിൽ ഉണ്ടായിരുന്ന നാലു യുവാക്കളെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ മാണിക്യത്തൊടി സ്വദേശി വല്ലാശ്ശേരി വീട്ടിൽ 23 വയസ്സുള്ള ആകർഷ്, പാവറട്ടി ഇടിയഞ്ചിറ സ്വദേശി 24 വയസ്സുള്ള പുതുവീട്ടിൽ റംഷിക്ക്, ഗുരുവായൂർ ഇടപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ 23 വയസ്സുള്ള ഫാസിൽ, കൊല്ലം ഐലൻഡ് നഗർ സ്വദേശി പ്രേംജി ഭവനിൽ 23 വയസ്സുള്ള ആദർശ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.
ബെംഗളൂരുവിൽ നിന്നും കാർ മാർഗ്ഗം കഞ്ചാവും എം ഡി എം എയും കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണുത്തിയിൽ ഡാൻസാഫ് അംഗങ്ങൾ കാത്തുനിൽക്കുകയും ഏറെ നേരമായിട്ടും പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തെ കാണാതിരുന്ന സാഹചര്യത്തിൽ ഒരു ഡാൻസാഫ് അംഗം ഇവരെയും അന്വേഷിച്ച് പട്ടിക്കാട് പെട്രോൾ പമ്പ്, ചെമ്പൂത്ര പെട്രോൾ പമ്പ്, എന്നിവിടങ്ങളിൽ സഞ്ചരിച്ചു. ഈ സമയത്ത് കോഫി ഹൗസിനു മുൻപിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന KL 07 CT 4849 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് കോഫി ഹൗസിൽ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്ന നാലു പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് ജീവനക്കാരെ വിളിച്ചു വരുത്തി കാറിൻറെ പാർട്സുകൾ അഴിച്ചുമാറ്റി പരിശോധന നടത്തിയെങ്കിലും എം ഡി എം എ കണ്ടെത്താനായില്ല. എം ഡി എം എ പ്രതികൾ ഉപയോഗിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
Last Updated Jun 26, 2024, 8:16 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]