
തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ നമ്മുക്കിടയിലുണ്ട്. എന്നാല്‍, ഈ വീഡിയോ കണ്ടാല്‍ അവര്‍ പോലും ഒന്ന് മാറ്റി ചിന്തിച്ചേക്കാം. വിജനമായ ഒരു റോഡില്‍ പത്തിരുപത് പട്ടികള്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ആക്രമിക്കുന്നതും പട്ടികളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്. ഒരു ജീവിവര്‍ഗം എന്ന നിലയില്‍ നായ്ക്കള്‍ സംരക്ഷിക്കപ്പെടണെങ്കിലും അവയെ തെരുവില്‍ അലക്ഷ്യമായി അലയാന്‍ വിടുന്നത് നാല്നടയാത്രക്കാര്ക്ക് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യാ ടുഡേയിലെ ന്യൂസ് എഡിറ്ററായ സ്നേഹ മോർദാനി തന്റെ എക്സ് ഹാന്റില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. ‘പ്രഭാത നടത്തത്തിനിടെ ഹൈദ്രാബാദിലെ ഒരു സ്ത്രീയെ പതിനഞ്ച് ഇരുപത് തെരുവ് നായ്ക്കള്‍ ചേർന്ന് അക്രമിക്കുന്നു. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.’ തെരുവില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു അവ. ഇരുവശവും വാഹനങ്ങള്‍ നിര്‍ത്തിയിട്ട തീര്‍ത്തും വിജനമായ ഒരു തെരുവിലൂടെ നടന്ന് വരുന്ന സ്ത്രീയെ ഒരു കൂട്ടം നായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
സ്ത്രീ തന്റെ കാലിലെ ചെരുപ്പെടുത്ത് നായ്ക്കളെ ഓടിക്കാന്‍ ശ്രമിക്കുന്നു. ഓരോ തവണ ശ്രമിക്കുമ്പോഴും രണ്ടടി പിന്നോക്കം പോകുന്ന നായ്ക്കള്‍ വീണ്ടും ശക്തിയോടെ തിരിച്ച് ആക്രമിക്കുന്നു. മൂന്നാല് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ശേഖരിച്ച ദൃശ്യങ്ങളായിരുന്നു അത്. സ്ത്രീ ഒരു സഹായത്തിനായി ചുറ്റും നോക്കുന്നുണ്ടെങ്കിലും സഹായത്തിനായി ആരും എത്തിയില്ല. ഒരു ഘട്ടത്തില്‍ സ്ത്രീ താഴെ വീഴുന്നു. ഈ സമയം നായ്ക്കളെല്ലാം അവരെ ചുറ്റും നിന്ന് കടിക്കാന്‍ ശ്രമിക്കുന്നുതും ഈ സമയം ഒരു സ്കൂട്ടി യാത്രക്കാരന് അതുവഴിവരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സമയം നായ്ക്കള്‍ സ്ത്രീയെ ഉപേക്ഷിച്ച് കടന്ന് കളയുന്നു. രാജേശ്വരി എന്ന സ്ത്രീയെയാണ് തെരുവ് നായകള്‍ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കുട്ടിക്കായിരുന്നു അത് സംഭവിച്ചതെങ്കില്‍ അവയെല്ലാം കൂടി കുട്ടിയെ കൊന്നേനെയെന്ന് അവര്‍ എഎന്‍ഐയോട് പറഞ്ഞു.
തെരുവ് നായ ആക്രമണത്തിന്റെ ഭീകരമായ ദൃശ്യങ്ങള്‍ നിരവധി സമാഹ മാധ്യമ ഉപയോക്താക്കള്‍ പങ്കുവച്ചു. നിരവധി പേര് തെരുവ് നായ്ക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. മറ്റ് ചിലര്‍ മനുഷ്യരെക്കാള്‍ തെരുവ് നായക്കള്‍ക്ക് മാത്രമേ ഇവിടെ വിലയൊള്ളൂ എന്ന് കുറിച്ചു. സര്‍ക്കാര്‍ അടിക്കടി പല നികുതികളും ചുമത്തുന്നുണ്ടെങ്കിലും സാധാരണക്കാരന്റെ ജീവന് അപകടത്തിലാക്കുന്ന ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയില്ലെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.
Last Updated Jun 26, 2024, 10:15 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]