
കൊച്ചി: മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ വ്യാജമല്ലെന്നും അർഹതയുള്ളവർക്ക് തന്നെയാണ് കിട്ടിയതെന്നും സർക്കാർ ഹൈക്കോടതിയിൽ. അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ പട്ടയം നൽകിയത് അർഹർക്ക് തന്നെയാണെന്നാണ് സർക്കാർ നിലപാട്. ഇടുക്കി ജില്ലയിൽ നൽകിയ പട്ടയങ്ങൾ വ്യജമല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പട്ടയം നൽകിയത്. പട്ടയമേളയിലാണ് ഈ പട്ടയങ്ങൾ വിതരണം ചെയ്തത്. അർഹർ ഉൾപ്പെട്ടതിനാലാണ് പട്ടയം റദ്ദാക്കാത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു. മൂന്നാറിലെ കയ്യേറ്റങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാമെന്നും സർക്കാർ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചിട്ടുണ്ട്.
മൂന്നാർ കയ്യേറ്റങ്ങൾ സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടേണ്ടിവരുമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം നിലനിൽക്കെയാണ് സർക്കാർ നിലപാട് അറിയിച്ചത്. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല. വഴിവിട്ട് ഇടപെട്ട ഉദ്യോഗസ്ഥർക്കെതിരെ കാലങ്ങളായി നടപടിയെടുത്തിട്ടുണ്ട്. കയ്യേറ്റക്കാർക്കെതിരെയും കേസുകളെടുത്തു. മൂന്നാറിൽ വ്യാജ പട്ടയമുള്ളതായി കണ്ടെത്തിയിട്ടില്ല. ക്രമവിരുദ്ധമായി പട്ടയം അനുവദിച്ചതാണ് അന്വേഷിച്ചത്. രവീന്ദ്രൻ പട്ടയം പോലും വ്യാജമല്ല. ദേവികുളത്ത് പട്ടയമേള നടത്തിയാണ് അർഹരായവർക്ക് അന്ന് പട്ടയം നൽകിയത്. റവന്യൂ ഉദ്യോഗസ്ഥനായിരുന്ന എം ഐ രവീന്ദ്രന്റെ നടപടികളിലെ പിഴവാണ് പിന്നീട് പുറത്തുവന്നത്. അർഹരായവർക്ക് തന്നെയാണ് പട്ടയം കിട്ടിയത് എന്നത് കൊണ്ടുതന്നെയാണ് റദ്ദാക്കാതിരുന്നത്. കോടതിയുന്നയിച്ച സംശയങ്ങൾ പരിശോധിക്കുന്നതിനും കയ്യേറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു. റവന്യൂ, പൊലീസ് അടക്കം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാവും ഇതിന്റെ പ്രവർത്തനം. എന്നാൽ കയ്യേറ്റങ്ങൾക്ക് പിന്നിൽ വ്യാജരേഖയുണ്ടാക്കിയോ എന്നും ഉദ്യോഗസ്ഥർ പണം വാങ്ങിയോ എന്നും പരിശോധിക്കേണ്ടതല്ലേയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും കയ്യേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും സർക്കാരിനോട് നിർദേശിച്ചു.
Last Updated Jun 25, 2024, 5:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]